ജില്ലാ പഞ്ചായത്ത്: യുഡിഎഫിനും എല്‍ഡിഎഫിനും ഏഴു വീതം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളില്‍ ഏഴു വീതം യുഡിഎഫും എല്‍ഡിഎഫും പങ്കിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഇടതുമുന്നണിക്കു ലഭിച്ചപ്പോള്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫ് അധികാരത്തിലെത്തി.
കാസര്‍കോട് ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെയാണ് ഭരണം യുഡിഎഫിനു ലഭിച്ചത്. ബിജെപി പിന്തുണ വേണ്ടെന്നു സിപിഎം നിലപാടെടുത്തതോടെയാണ് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നത്. ഇവിടെ മുസ്‌ലിംലീഗിലെ എ ജി സി ബഷീര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്‍ പ്രസിഡന്റായി.
കോണ്‍ഗ്രസ്സിലെ തോമസ് വര്‍ഗീസിനെയാണ് കാരായി രാജന്‍ തോല്‍പിച്ചത്. കാരായി രാജന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വോട്ടെടുപ്പിന് എത്തിയത്.
തിരുവനന്തപുരത്ത് സിപിഎമ്മിലെ വി കെ മധു പ്രസിഡന്റായി. കൊല്ലം ജില്ലയില്‍ സിപിഐയിലെ കെ ജഗദമ്മയാണ് പ്രസിഡന്റ്. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്സിലെ അന്നപൂര്‍ണ ദേവി, ആലപ്പുഴയില്‍ സിപിഎമ്മിലെ ജി വേണുഗോപാല്‍, കോട്ടയത്ത് കോണ്‍ഗ്രസ്സിലെ ജോഷി ഫിലിപ്പ്, ഇടുക്കിയില്‍ കോണ്‍ഗ്രസ്സിലെ കൊച്ചുത്രേസ്യ പൗലോസ്, എറണാകുളത്ത് കോണ്‍ഗ്രസ്സിലെ ആശ സനല്‍, തൃശൂരില്‍ സിപിഐയുടെ ഷീല വിജയകുമാര്‍, പാലക്കാട് എല്‍ഡിഎഫിലെ ടി കെ നാരായണദാസ് എന്നിവര്‍ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
പട്ടികജാതി സംവരണ സീറ്റായ മലപ്പുറത്ത് മുസ്‌ലിംലീഗിന്റെ എ പി ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. സിപിഎമ്മിലെ ബാബു പറശ്ശേരിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വയനാട്ടില്‍ കോണ്‍ഗ്രസ്സിലെ പി ടി ഉഷാകുമാരി പ്രസിഡന്റായി.
Next Story

RELATED STORIES

Share it