wayanad local

ജില്ലാ പഞ്ചായത്ത് ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസ്സിന്

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലൊഴികെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ്സും ലീഗും ധാരണയിലെത്തി. കല്‍പ്പറ്റയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്- ലീഗ് നേതാക്കളുടെ യോഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്.
ജില്ലാ പഞ്ചായത്തില്‍ ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസ്സിനാണ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം ലീഗിന് നല്‍കും. അവസാന രണ്ടര വര്‍ഷം ലീഗിനാണ് പ്രസിഡന്റ് പദവി. വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസ്സിനു ലഭിക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായില്ല. സ്റ്റാന്റിങ് കമ്മിറ്റികളിലൊന്ന് ജനതാദള്‍ (യു) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടു തന്നെ യുഡിഎഫിലെ മറ്റ് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു തീരുമാനമെടുക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചുവര്‍ഷവും കോണ്‍ഗ്രസ്സിന് തന്നെയാണ് പ്രസിഡന്റ് സ്ഥാനം.
ഇവിടെ പ്രസിഡന്റ് പദവി വനിതാ സംവരണമാണ്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും വനിതാ പ്രാതിനിധ്യമില്ല. ഇക്കാരണത്താലാണ് അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിന് പ്രസിഡന്റ് പദവി ലഭിക്കുന്നത്. മുസ്‌ലിം ലീഗിന് വൈസ് പ്രസിഡന്റ് പദവിയും ലഭിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം ലീഗിനാണ് പ്രസിഡന്റ് പദവി. അടുത്ത പകുതിയില്‍ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കും. വൈസ് പ്രസിഡന്റ് പദവി അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിനാണ്. ഇവിടെയും ജനറല്‍ വിഭാഗത്തില്‍ മറ്റ് കക്ഷികള്‍ക്കു സീറ്റ് ലഭിക്കാത്തതാണ് കോണ്‍ഗ്രസ്സിനെ തുണച്ചത്. പനമരത്ത് അഞ്ചു വര്‍ഷവും പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനും ലഭിക്കും. മന്ത്രി പി കെ ജയലക്ഷ്മി, ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഡി അപ്പച്ചന്‍, വി എ മജീദ് തുടങ്ങിയവരും ലീഗ് നേതാക്കളായ പി പി എ കരീം, കിഴക്കയില്‍ അഹമ്മദ് ഹാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കല്‍പ്പറ്റ മുനിസിപ്പല്‍ യുഡിഎഫ് യോഗം ഇന്നു ചേരുന്നുണ്ട്. കല്‍പ്പറ്റ നഗരസഭയിലെ വൈസ് ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it