malappuram local

ജില്ലാ പഞ്ചായത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം: സിപിഎം

മലപ്പുറം: ജില്ലായ പഞ്ചായത്തിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും വലിയ പ്രദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ജില്ലാ പഞ്ചായത്തിന്റെ പല ഇടപാടുകളും സുതാര്യമല്ല. നടത്താത്ത പരിപാടി നടന്നു എന്ന് വരുത്തി വ്യാജ ബില്ലുകള്‍ ഉണ്ടാക്കി പണം തട്ടിയെടുത്തത് ക്രിമിനല്‍ കുറ്റമാണ്. ഇതുള്‍പെടെയുള്ള തിരിമറികളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2013-14വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണു ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന് 63.22ലക്ഷം രൂപയാണ് ഓഡിറ്റ് റിപോര്‍ട്ടില്‍ നഷ്ടം വന്നതായി കാണുന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി 2014 ഫെബ്രുവരി 10, 11 തിയതികളില്‍ നിലമ്പൂര്‍ വ്യാപാര ഭവനില്‍ കിലയുടെ സഹകരണത്തോടെ ക്യാംപ് നടത്തിയതായാണു പറയുന്നത്. എന്നാല്‍ ഇത്തരമൊരു ക്യാംപ് നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ വ്യക്തമായതാണ്. ഇതിനായി വൗച്ചറില്‍ കാണിച്ച സ്ഥാപനങ്ങളെല്ലാം തങ്ങളുടെ പേരില്‍ കള്ള ബില്ലുണ്ടാക്കിയതാണെന്നാണ് ഓഡിറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ക്യാംപ് നടത്തിയതിന് മൂന്നു ലക്ഷം ജില്ലാ പഞ്ചായത്തിനു കീഴില്‍ രൂപീകരിച്ച മലപ്പുറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ട്രപ്രണേറിയല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പേരിലാണു വാങ്ങിയത്. ഈ പണം തിരിച്ചടച്ചതുകൊണ്ടു മാത്രം വ്യാജ രേഖയുണ്ടാക്കി പണം തട്ടിയത് നീതീകരിക്കാനാകില്ലെന്നും ഇതേകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് ഓഫിസിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെലവായ അധിക തുക 25.77ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും തിരിച്ച് പിടിക്കാനും ഓഡിറ്റ് റിപോര്‍ട്ടിലുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള 18.5ലക്ഷത്തിന്റെ പദ്ധതിയില്‍ 534445 രൂപയുടെ നഷ്ടമുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലും ഒട്ടേറെ ക്രമക്കേടുകള്‍ ചൂണ്ടികാണിച്ചിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, മുന്‍ജില്ലാപഞ്ചായത്ത് അംഗം വി എം ഷൗക്കത്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it