malappuram local

ജില്ലാ കാലോല്‍സവം: വിധികര്‍ത്താവിന് കരിമ്പട്ടിക; അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍

മലപ്പുറം: അരീക്കോട് നടന്ന റവന്യൂ ജില്ലാ കാലോല്‍സവത്തിലെ വിധി കര്‍ത്താവിനെ കരിമ്പട്ടികയില്‍പെടുത്തിയതിനെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍. നാട്ട്യമയൂരം കണ്ണന്‍ തൃശൂര്‍ എന്ന വി എസ് ഷാനിനെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിദ്യഭ്യാസ ഡയറക്ടര്‍ക്ക് മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ പി സഫറുല്ല ശുപാര്‍ശ നല്‍കിയത്.
മോഹിനിയാട്ട മല്‍സരത്തിലെ വിധി കര്‍ത്താവായിരുന്ന ഇയാള്‍ കലോല്‍സവ മാന്വലിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ബാഹ്യ പ്രേരണക്ക് ഇയാള്‍ വിധേയനായതായാണ് ആരോപണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാന്‍.
എച്ച്എസ്എസ് വിഭാഗത്തില്‍ ഒരു മാര്‍ക്ക് വ്യത്യാസത്തില്‍ ഇയാള്‍ നാലുപേര്‍ക്ക് രണ്ടാം സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. ഷാനിനെ മോഹിനിയാട്ടത്തിന്റെ വിധി നിര്‍ണയിക്കാന്‍ തന്നെയാണ് ക്ഷണിച്ചിരുന്നതെന്ന് കലോല്‍സവ പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. യുപി വിഭാഗത്തിന്റെ മല്‍സരത്തില്‍ നിന്നാണ് ഇയാള്‍ പിന്മാറിയത്. കുച്ചിപ്പുടി വിദഗ്ധനായ തന്നെ അതില്‍ നിന്നും മാറ്റിനിര്‍ത്തി വേണ്ടത്ര അവഗാഹമില്ലാത്ത മോഹിനിയാട്ട മല്‍സരത്തിനിരുത്തിയതില്‍ ക്രമക്കേടുണ്ടെന്നു നേരത്തെ ഷാന്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു.
തനിക്ക് കോഴ വാഗ്ദാനം ചെയ്തതായും ഷാന്‍ ആരോപണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തുറന്നു പറഞ്ഞതിനാണു കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കമെന്നും ഷാന്‍ ആരോപിച്ചു. അതേ സമയം നിര്‍ണയത്തിലെ അപാകതയെ തുടര്‍ന്ന് അപ്പീലിന് ശ്രമിക്കുമ്പോള്‍ അവിടെയും അപാകതയെന്ന് രക്ഷിതാക്കളുടെ പരാതി. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അപ്പീല്‍ അനുവദിക്കാതിരിക്കെ പത്തൊമ്പതാം സ്ഥാനം നേടിയവര്‍ക്ക് അപ്പീല്‍ അനുവദിച്ചെന്നാണ് ആരോപണം.
ചില അധ്യാപകര്‍ പരിശീലിപ്പിക്കുന്ന കുട്ടികള്‍ക്ക് കൂട്ടത്തോടെ അപ്പീല്‍ അനുവദിച്ച സംഭവമുണ്ടായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണമുള്ളതിനാല്‍ ഉന്നത അധികാര സമിതികളില്‍ അപ്പീലിന് പോവാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
വിധികര്‍ത്താക്കളെ സംബന്ധിച്ച് കലോത്സവത്തിന് മുന്നേ നല്കിയ പരാതി വേണ്ടവിധം പരിഗണിച്ചില്ലെന്നും 13 കുട്ടികളുടെ രക്ഷിതാക്കള്‍ ഡിഡിഇക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it