thrissur local

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിയമ ലംഘനം: കോര്‍പറേഷന്‍ തടഞ്ഞ നിര്‍മാണം ബാലഭവനില്‍ തകൃതിയായി തുടരുന്നു

തൃശൂര്‍: ജവഹര്‍ ബാലഭവനിലെ അനധികൃത നിര്‍മാണത്തിന് കോര്‍പറേഷന്റെ സ്റ്റോപ്പ് മെമ്മോ; ഉത്തരവ് മാനിക്കാതെ നിര്‍മാണം തകൃതിയായി തുടരുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ബാലഭവന്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ജില്ലാ കല ക്ടര്‍തന്നെ അധ്യക്ഷനായ നിര്‍മിതികേന്ദ്രമാണ് കോര്‍പറേഷന്റെ നിയമവിധേയ ഉത്തരവിനെ മാനിക്കാതെ നിര്‍മാണം തുടരുന്നത്.
നിയമവിരുദ്ധനിര്‍മാണം നിറുത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് ചെമ്പൂക്കാവ് ഡിവിഷനിലെ ബിജെപി കൗണ്‍സിലര്‍ കെ മഹേഷ് ആവശ്യപ്പെട്ടു. നിര്‍മാണം നിറുത്തുന്നില്ലെങ്കില്‍ ബലമായി തടയേണ്ടിവരുമെന്ന് മഹേഷ് മുന്നറിയിപ്പ് നല്‍കി. ബാലഭവന്‍ കോമ്പൗണ്ടില്‍ നിലവിലുള്ള ഹാളിന് മുകളില്‍ ആണ് ഒരു നിലകൂടി നിര്‍മിക്കുന്നത്.
അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ അനുവദിച്ച 25 ലക്ഷം രൂപയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. കോര്‍പ്പറേഷനില്‍നിന്നും നിയമാനുസൃത അനുമതി വാങ്ങാതെയാണ് നിര്‍മാണം. അനധികൃതനിര്‍മാണം ചൂണ്ടിക്കാട്ടി മഹേഷ്, മേയര്‍ക്കും സെക്രട്ടറിക്കും ടൗണ്‍ പ്ലാനര്‍ക്കും നല്‍കിയ പരാതിയനുസരിച്ചാണ് പണിനിറുത്തിവെക്കാനും അനുമതി തേടാനും ആവശ്യപ്പെട്ട് ടൗണ്‍ പ്ലാനിങ്ങ് വിഭാഗം ബാലഭവന്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കിയത്.
പക്ഷേ നിര്‍മാണം പൂര്‍വാധികം വേഗത്തിലാക്കുകയായിരുന്നു. ഇതിനെതിരെ ഇന്നലെ താന്‍ ഡെ. മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയെ കണ്ട് പരാതി പറഞ്ഞതനുസരിച്ച് പണി തടയാന്‍ ആവശ്യപ്പെട്ട് ടൗണ്‍ പ്ലാനര്‍ക്ക് അദ്ദേഹം കൈയോടെ നിര്‍ദേശം നല്‍കിയതാണെന്ന് മഹേഷ് പറഞ്ഞു. കോര്‍പറേഷനെ വെല്ലുവിളിച്ച് ഇന്നും നിര്‍മ്മാണം തുടരുകയാണെന്നും എംഎല്‍എഫണ്ട് നിയമാനുസൃതമായി ചെലവഴിക്കാന്‍ ബാധ്യസ്ഥനായ ജില്ലാ കലക്ടര്‍ തന്നെ നിയമത്തെ മാനിക്കാതെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നും മഹേഷ് പരാതിപ്പെട്ടു. നഗരസഭ അംഗീകരിച്ച 25 മീറ്റര്‍ നോര്‍ത്ത് റിങ്ങ് റോഡ് ഡിടിപി സ്‌കീമില്‍ റോഡ് നിര്‍മാണത്തിനാവശ്യമായ സ്ഥലത്താണ് അനധികൃത നിര്‍മാണം നടക്കുന്നത്.
Next Story

RELATED STORIES

Share it