thiruvananthapuram local

ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം, കന്യാകുമാരി അതിര്‍ത്തി ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങളുടേയും പോലിസ് സംവിധാനത്തിന്റെയും ഏകോപനം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, കന്യാകുമാരി കലക്ടര്‍ സജ്ജന്‍ സിങ് ആര്‍ ചവാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി കെ ഷെഫീന്‍ അഹമ്മദ്, കന്യാകുമാരി എസ്പി ജി ധര്‍മ്മരാജന്‍ എന്നിവരും പങ്കെടുത്തു. ജില്ലയിലെ പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ഭാഗങ്ങളാണ് കന്യാകുമാരിയിലെ വിളവംകോട്, കിള്ളിയൂര്‍ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്നത്. താഴെത്തട്ടിലുള്ള പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ പ്രാദേശികതലത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്ന് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരസ്പരം മനസിലാക്കി ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം നടത്തും. ഇതിനു മുന്നോടിയായി എസ്പി തലത്തില്‍ നേരത്തെ യോഗം നടത്തിയിരുന്നു. ഈമാസം 20ന് മുമ്പ് ഡിവൈഎസ്പി, സിഐ, എസ്‌ഐ തല യോഗങ്ങള്‍ കൂടും. ഇരു സംസ്ഥാനങ്ങളിലും വോട്ടുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. ഇരു ജില്ലകളിലേയും അതിര്‍ത്തി മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ ബിഎല്‍ഒമാരുടെ യോഗവും പ്രാദേശികമായി ചേരും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളേയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ആയുധങ്ങള്‍, മദ്യം എന്നിവ കടത്താന്‍ സാധ്യതയുള്ള മേഖലകളില്‍ ഇരു സംസ്ഥാന ജീവനക്കാരും സംയുക്തമായി നിരീക്ഷിക്കും. ഇരുജില്ലകളിലേയും ക്രിമിനലുകളുടെ പട്ടിക കൈമാറും. കടല്‍വഴി കള്ളക്കടത്ത് ഉള്‍പ്പെടെയുളളവ തടയാന്‍ കോസ്റ്റല്‍ പോലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ ജില്ലാ കലക്ടര്‍ തലം മുതല്‍ വില്ലേജ്, പോലിസ് തലം വരെയുള്ള ഉദ്യോഗസ്ഥരും പരസ്പരം ആശയവിനിമയം നടത്താന്‍ തീരുമാനമായി. പത്മനാഭപുരം സബ് കലക്ടര്‍ ശ്രേയാ പി സിങ്, തിരുവനന്തപുരം ഡിഎഫ് ഒ ടി ഉമ, ആദായനികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ഹരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഷീബാ ജോര്‍ജ്, ഇരു ജില്ലകളിലേയും അതിര്‍ത്തി മണ്ഡലങ്ങളിലെ തഹസില്‍ ദാര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it