wayanad local

ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി

തൊണ്ടര്‍നാട്: അടഞ്ഞുകിടക്കുന്ന കരിങ്കല്‍ ക്വാറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം. പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
തൊണ്ടര്‍നാട് വില്ലേജിലെ സര്‍വേ 966 കടയങ്കലിലാണ് ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും നീക്കം ആരംഭിച്ചത്. ഈ ക്വാറിയുടെ പ്രവര്‍ത്തനം മൂലം ഒരു മല തന്നെ നശിക്കുമെന്ന നിലയിലാണുള്ളത്.
കുത്തനെയുള്ള ഈ മലയുടെ താഴ്‌വാരത്ത് നിറയെ വീടുകളും ആദിവാസി കോളനിയും ശ്മശാനവും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നുണ്ട്. തൊണ്ടര്‍നാട്ടെ ഏക ആശുപത്രിയും 500ഓളം കുട്ടികള്‍ പഠിക്കുന്ന മദ്‌റസയും ഇതിന്റെ 150 മീറ്റര്‍ ചുറ്റുവട്ടത്താണ്.
മുമ്പ് പ്രദേശവാസികള്‍ ജിയോളജിസ്റ്റിനും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും, കുത്തനെയുള്ള പാറ പൊട്ടിക്കുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നതും കമ്പനത്തില്‍ വീടുകള്‍ക്ക് വിള്ളലുണ്ടാവുന്നതും ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഈ ക്വാറിക്കെതിരേ ഡിഎഫ്ഒ, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
2013 നവംബര്‍ 13ലെ ഉത്തരവ് പ്രകാരം തൊണ്ടര്‍നാട് വില്ലേജ് പരിസ്ഥിതി ലോല പ്രദേശമാണ്. ഇഎഫ്എല്‍ പ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ട് ഡബ്ല്യുപി (സി) നമ്പര്‍: 25013/2014 ബി ഉത്തരവുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it