Kottayam Local

ജില്ലാ ആസൂത്രണ സമിതി അവലോകന യോഗം ചേര്‍ന്നു

കോട്ടയം: ജില്ലാ ആസൂത്രണ സമിതി അവലോകന യോഗം ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫെബ്രുവരി അവസാനം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്ന ചെലവ്, അനുബന്ധ രേഖകള്‍ സഹിതം അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ യു വി ജോസ,് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ് ജോസ്‌നാമോള്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പോളവാരല്‍, വലകെട്ടല്‍ എന്നിവ നടപ്പാക്കുന്നതിന് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്തുകളുടെ തനതു പ്ലാന്‍ ഫണ്ടില്‍ നിന്ന് പരിധിവച്ച് തുക ചെലവഴിക്കാമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കിയെങ്കിലും ബില്ലുകള്‍ മാറാത്ത സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും കാലതാമസം നേരിടുന്നതെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജോസ്‌നമോള്‍ സമിതിയെ അറിയിച്ചു.
പദ്ധതി നിര്‍വഹണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ ചട്ടപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാന്‍ കാലതാമസം നേരിടുന്നത് പട്ടികജാതി-വര്‍ഗ വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി കുറയ്ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി ഗുണഭോക്താക്കളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ഗ്രാമസഭ കൂടാനും യോഗം തീരുമാനം എടുത്തു. ഈ മാസം 13, 15 തിയ്യതികളില്‍ രാവിലെ 11.30ന് ആസൂത്രണ സമിതി യോഗം ചേരും. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ്സ് പി മാത്യൂ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it