wayanad local

ജില്ലാ ആശുപത്രിയെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നെന്ന് യുഡിവൈഎഫ്

മാനന്തവാടി: ജില്ലാ ആശുപത്രിയെ സിപിഎം രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് യുഡിവൈഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജില്ലാ ആശുപത്രിയില്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ആത്മവീര്യം കെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് കിടക്കകളുടെ എണ്ണം 274ല്‍ നിന്ന് 500 ആയി ഉയര്‍ത്തിയെന്നു കൊട്ടിഘോഷിച്ചവര്‍ അതിന് ആനുപാതികമായ തസ്തിക സൃഷ്ടിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ തസ്തിക വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. 500 കിടക്കകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ടാവാതെ തസ്തിക വര്‍ധിപ്പിക്കാനാവില്ലെന്ന് ധനകാര്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഘട്ടംഘട്ടമായി അടിസ്ഥാനസൗകര്യവും തസ്തികകളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 1.93 കോടി രൂപ ചെലവില്‍ സര്‍ജിക്കല്‍ കോംപ്ലക്‌സും 1.10 കോടി രൂപ ചെലവില്‍ ട്രോമാ കെയര്‍ യൂനിറ്റും 60 ലക്ഷം രൂപ ചെലവില്‍ ഡയാലിസിസ് യൂനിറ്റും 75 ലക്ഷം രൂപ ചെലവില്‍ 75 കിടക്കകളുള്ള പുതിയ വാര്‍ഡും നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ 19.55 കോടി രൂപ ചെലവില്‍ മറ്റ് നിര്‍മാണ പ്രവൃത്തികളും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2013ല്‍ 13 പുതിയ തസ്തികകള്‍ അനുവദിച്ചത്. മറ്റ് 27 തസ്തികകള്‍ കൂടി അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം 14 തസ്തികകളും അടുത്ത സാമ്പത്തിക വര്‍ഷം 13 തസ്തികകളും കൂടി അനുവദിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ എടുത്ത ഈ തീരുമാനം ശരിയാണോ എന്നറിയാന്‍ സിപിഎമ്മിന് ധൈര്യമുണ്ടെങ്കില്‍ മന്ത്രിസഭാ യോഗ തീരുമാനം പരിശോധിക്കാമെന്നും ഇവര്‍ പറഞ്ഞു.
അതിനു ശേഷമാണ് പ്രചാരണം നടത്തേണ്ടത്. ജില്ലാ ആശുപത്രിയില്‍ രക്തഘടക വിഭജന യൂനിറ്റ് ആരംഭിച്ചതും നബാര്‍ഡിന്റെ 45 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. വാര്‍ത്താസമ്മേളനത്തില്‍ പി കെ അമീന്‍, മുജീബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it