wayanad local

ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ ചുമതലയേറ്റു

മാനന്തവാടി: ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ തസ്തികയില്‍ ഡോക്ടര്‍ ചുമതലയേറ്റു. ഇതോടെ നിസ്സാര സംശയങ്ങള്‍ക്കു പോലും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവേണ്ട ദുരവസ്ഥയ്ക്ക് വിരാമമായി.
ഒന്നര പതിറ്റാണ്ടിനിടയ്ക്ക് രണ്ടു വര്‍ഷം മുമ്പ് ആറു മാസം മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ ഉണ്ടായിരുന്നത്. ആറു മാസത്തിനു ശേഷം ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് പുതുതായി നിയമിക്കപ്പെട്ട ഡോ. വിമല്‍ വിജയന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ഈ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കുള്ള കഷ്ടപ്പാടിന് പുറമെ സര്‍ക്കാരിനും വന്‍ സാമ്പത്തിക ബാധ്യതയായിരുന്നു.
ആദിവാസി വിഭാഗങ്ങളില്‍ ദുരൂഹമരണങ്ങളും ആത്മഹത്യകളും വര്‍ധിച്ചതോടെ സംശയം പ്രകടിപ്പിക്കുന്ന മരണങ്ങളെല്ലാം സര്‍ക്കാര്‍ ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. മാസത്തില്‍ ശരാശരി 10 മൃതദേഹങ്ങളെങ്കിലും ഇത്തരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ കോഴിക്കോട് എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനു പുറമെ ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പോവുമ്പോള്‍ ഒപി മുടങ്ങുന്ന സാഹചര്യവും ഇനിയുണ്ടാവില്ല. ഇനി മുതല്‍ അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, വൈത്തിരി എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന മൃതദേഹങ്ങളും വിദഗ്ധ പരിശോധന ആവശ്യമാണെങ്കില്‍ കോഴിക്കോട് കൊണ്ടുപോവുന്നതിനു പകരം ജില്ലാ ആശുപത്രിയിലാണ് എത്തിക്കുക.
ഫോറന്‍സിക് സര്‍ജന്‍ ചുമതലയേറ്റതോടെ മൃതദേഹത്തോടൊപ്പം കോഴിക്കോട് വരെ പോയി തിരിച്ചുവരാന്‍ നിയോഗിക്കപ്പെടുന്ന പോലിസുകാരുടെ ദുരിതത്തിനും അറുതിയാവും. അതോടൊപ്പം ഇത്തരത്തില്‍ മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടുന്നതു കാത്തിരിക്കേണ്ടിവരുന്ന കുടുംബാംഗങ്ങള്‍ക്കും ആശ്വാസമാവും.
Next Story

RELATED STORIES

Share it