wayanad local

ജില്ലാ ആശുപത്രിയില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ നിയമനം വൈകുന്നു

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ നിയമനം അനന്തമായി നീളുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച പൂര്‍ത്തിയാക്കി ലിസ്റ്റ് തയ്യാറാക്കിയെങ്കിലും മന്ത്രിതലത്തിലുള്ള ഇടപെടലും മുന്‍ ഡിഎംഒയുടെ ആത്മഹത്യയുമാണ് 24ഓളം തസ്തികയിലേക്കുള്ള നിയമനം വൈകാനിടയാക്കിയത്. ആരോഗ്യവകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിതലം വരെയുള്ള കൈകടത്തലുകളും ഇടപെടലുകളുമാണ് നിയമന പ്രക്രിയകള്‍ താളംതെറ്റിച്ചത്. 24 തസ്തികകളിലേക്കുള്ള നിയമനത്തിനായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസില്‍ നിന്ന് 280ഓളം പേര്‍ക്കായിരുന്നു അറിയിപ്പ് നല്‍കിയത്.
നവംബര്‍ 23, 24 തിയ്യതികളില്‍ ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. വിധവകള്‍, മിശ്രവിവാഹിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന. താല്‍ക്കാലിക നിയമനം ലഭിച്ചാലുടന്‍ തന്നെ സ്ഥിരനിയമനത്തിന് സാധ്യതയുള്ളതിനാലായിരുന്നു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലുകളുണ്ടായത്. സാമ്പത്തികമായിട്ടു പോലും സ്വാധീനിക്കപ്പെട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു.
ചില രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശകള്‍ പരിഗണിച്ചില്ലെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ഡിഎംഒ തയ്യാറാക്കിയ ലിസ്റ്റ് തിരുവനന്തപുരത്തേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഡിഎംഒ ആത്മഹത്യ ചെയ്തത്. ഇതോടെ നിയമനകാര്യം പാടെ മാറ്റിവയ്ക്കുകയും ചെയ്തു. പുതിയ ഡിഎംഒ ചുമതലയേറ്റാല്‍ ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും തന്നെ ഉണ്ടായില്ല. എംപ്ലോയ്‌മെന്റ് ഓഫിസ് വഴി ജോലി ലഭിക്കാനുള്ള പ്രായപരിധിയെത്തിയവരുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ ഇതോടെ ആശങ്കയിലായിരിക്കുകയാണ്. ലിസ്റ്റില്‍ ഇടംകിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പുതിയ സാധ്യതകള്‍ അടയുകയും ചെയ്ത സാഹചര്യത്തില്‍ സ്വീപ്പര്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it