palakkad local

ജില്ലാ ആശുപത്രിയില്‍ നഴ്‌സിനെ മര്‍ദ്ദിച്ച സംഭവം: രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ഇടുക്കി സ്വദേശി പ്രശാന്ത് (27)നെ അത്യാഹിതവിഭാഗത്തില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസ് അടക്കം നാലുപേര്‍ പ്രതികളായ കേസിലാണ് അറസ്റ്റ്.
പാലക്കാട് ശെല്‍വപാളയം ചിറ്റിപ്പറമ്പില്‍ എല്‍ദോസ് (25), പട്ടാണിത്തെരുവ് സബീര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ തിരിച്ചറിയാനായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്രശാന്തിന്റെ മുന്നിലെത്തിക്കുകയും അക്രമസമയത്ത് ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍മാരും പ്രതികളെ തിരിച്ചറിയികയും ചെയ്തു. 11ന് ഗവ. വിക്ടോറിയ കോളജിലുണ്ടായ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം. മുന്‍ എം പി കൃഷ്ണദാസിന്റെ സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പത്തോളംവരുന്ന സംഘം അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് അസൗകര്യമുണ്ടാകുന്നെന്നും മാറിനില്‍ക്കണമെന്നുമാവശ്യപ്പെട്ട പ്രശാന്തിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമത്തിനിടെ എംപി പ്രകോപനമായ രീതിയില്‍ പെരുമാറിയെന്നും ഞാനാരെന്നറിയാമോടാ എന്ന് ചോദിച്ച് കഴുത്തിന് പിടിച്ച് തള്ളിയെന്നും തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പ്രശാന്ത് ജില്ലാ ആശുപത്രിയില്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവ ദിവസം ഉച്ചതിരിഞ്ഞ് മൂന്നോടെ നടന്ന സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതികളെ ഇന്നലെ രാവിലെ എട്ടോടെ കോട്ടമൈതാനത്ത് നിന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെയും മറ്റൊരു പ്രതിയെയും പിടികിട്ടാനുണ്ടെന്ന് പോലിസ് അറിയിച്ചു. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഒരു ദിവസം ഒപി ബഹിഷ്‌ക്കരിച്ച് പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷന് മുമ്പിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ ഒപി പ്രവര്‍ത്തനം പുനരാരംഭിച്ചത്.
പിന്നീട് പോലിസ് മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ആശുപത്രിയിലെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം പട്ടികജാതി, വര്‍ഗ പീഡന നിരോധനപ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. അതേസമയം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തില്‍ (ഐസിയു) ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പ്രശാന്തിനെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി. യുവാവിന് ശക്തമായ ശരീരവേദനയും മൂത്രതടസവുമുണ്ട്. കഴുത്തിനും നട്ടെല്ലിനും ഇടതുകൈക്കുമാണ് കാര്യമായ പരിക്കുള്ളത്.
സംഭവത്തിന് ശേഷം ജില്ലാ ആശുപത്രിയില്‍ മന്ത്രി പി ജെ ജോസഫ് സന്ദര്‍ശിച്ചിരുന്നു. അതേസമയം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എല്ലാവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ പാലക്കാട് ഘടകം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മേഖലയിലെ സമാന സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ പാലക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജയരാജന്‍, സെക്രട്ടറി ഡോ. രഞ്ജിത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it