kasaragod local

ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികില്‍സ തുടങ്ങി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പാലിയേറ്റീവ് കെയര്‍ വാര്‍ഡ് മുന്നറിയിപ്പില്ലാതെ അടച്ച് പൂട്ടിയതിനെതിരെ ജനരോഷം ശക്തമായപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗികളെ പരിശോധിക്കാന്‍ തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് മുന്നറിയിപ്പില്ലാതെ ജില്ലാ ആശുപത്രി സൂപ്രണ്ട് വാര്‍ഡ് അടച്ചുപൂട്ടിയതായി വാട്‌സ് ആപ്പ് സന്ദേശമയച്ചത്. സാന്ത്വന ചികില്‍സക്കായി നിത്യേന 50ഓം രോഗികള്‍ എത്തിക്കൊണ്ടിരുന്ന ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചവരെ ആരും തിരിഞ്ഞുനോക്കിയില്ല. ഇന്നലെ തൃക്കരിപ്പൂരില്‍ നിന്നും താല്‍ക്കാലികമായി ചുമതലയേറ്റ ഡോ. രാമന്‍ സ്വാതി വാമനന്‍ 40ഓളം രോഗികളെ ഒപിയില്‍ പരിശോധിച്ചു.
എന്നാല്‍ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ചികില്‍സ തേടിയെത്തിയ പനത്തടി മാച്ചിപ്പള്ളിയിലെ വിജയരാഘവനെ(60) ചികില്‍സ നല്‍കാതെ തിരിച്ചയച്ചതും പാലിയേറ്റീവ് വാര്‍ഡില്‍ കിടത്തി ചികില്‍സയ്ക്ക് വിധേയമായ രണ്ട് രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു.
ഇതേ തുടര്‍ന്ന് എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പാലിയേറ്റീവ് വാര്‍ഡ് തുറക്കുകയും രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുകയും വേണമെന്ന ആവശ്യപ്പെട്ടിരുന്നു.
വാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഇന്നലെ കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it