kasaragod local

ജില്ലാ ആയുര്‍വേദ ആശുപത്രി: വെള്ളവും വെളിച്ചവുമില്ല; രോഗികള്‍ ദുരിതക്കിടക്കയില്‍

കാഞ്ഞങ്ങാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രോഗികള്‍ ദുരിത കിടക്കയില്‍. കടുത്ത വേനലില്‍ വെള്ളവും വെളിച്ചവുമില്ലാതെ രോഗികള്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരും ജില്ലാ പഞ്ചായത്തും ആശുപത്രിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.
ആശുപത്രിയുടെ ഇടുങ്ങിയ മുറിയില്‍ ഫാന്‍ പോലും പ്രവര്‍ത്തിക്കാതെ ചൂടില്‍ രോഗികള്‍ വെന്തുരുകുകയാണ്. വോള്‍ട്ടേജ് ക്ഷാമം ശക്തമായതിനാല്‍ ബള്‍ബുകള്‍ക്ക് പോലും മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രമാണുള്ളത്.
ആശുപത്രി കിണറിലെ മോട്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ദൈനംദിന ആവശ്യത്തിന് വേണ്ടി രോഗികള്‍ അടുത്ത വീടുകളില്‍ പോയി വെള്ളം കൊണ്ടുവരേണ്ട സ്ഥിതിയാണ്. വേണ്ടത്ര വൈദ്യുതി ലഭിക്കാത്തതിനാല്‍ എക്‌സ്‌റേ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇതു കാരണം രോഗികള്‍ക്ക് എക്‌സ്‌റേ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
നിത്യേന ശരാശരി 350 ഓളം രോഗികള്‍ ഇവിടെ ചികില്‍സയ്‌ക്കെത്തുന്നുണ്ട്. സംസ്ഥാനത്ത് ജനറേറ്റര്‍ ഇല്ലാത്ത ഏക ജില്ലാ ആയുര്‍വേദ ആശുപത്രിയായിരിക്കും പടന്നക്കാട്ടേത്. പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടി നീളുകയാണ്. നീണ്ടകാലം കിടത്തി ചികില്‍സ ആവശ്യമുള്ള രോഗികളാണ് ഇവിടെ എത്തുന്നതില്‍ ഭൂരിഭാഗവും.
ആശുപത്രിയുടെ ദുരവസ്ഥ ഇവര്‍ ഏറെക്കാലം അനുഭവിക്കേണ്ടിവരുന്നു. നാലു സ്ഥിരം ഡോക്ടര്‍മാരെ ഇവിടേക്ക് അനുവദിക്കണമെന്ന് വര്‍ഷങ്ങള്‍ മുമ്പേ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. എട്ടു നഴ്‌സുമാര്‍ വേണ്ടിടത്തു ആറു പേര്‍ മാത്രമേയുള്ളു. 40 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ സ്ഥല പരിമിതി കാരണം രോഗികള്‍ ഏറെ കഷ്ടപ്പെടുന്നു. പുതിയ മൂന്നു നില കെട്ടിടത്തിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.
അടിയന്തരമായി വൈദ്യുതി പ്രശ്‌നം പരിഹരിക്കണമെന്നാണ് രോഗികളുടെയും ജീവനക്കാരുടെയും ആവശ്യം.
Next Story

RELATED STORIES

Share it