palakkad local

ജില്ലാശുപത്രിക്കു പുറകിലെ കുട്ടികളുടെയും അമ്മമാരുടെയും വാര്‍ഡിന് മുന്നിലെ പെട്ടിക്കടകള്‍ പൊളിച്ചുനീക്കി

പാലക്കാട്: ജില്ലാശുപത്രിക്കു പുറകിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിക്ക് മുന്നിലെ പെട്ടികടകള്‍ പൊളിച്ചുനീക്കി. പാലക്കാട് നഗരസഭാ അധികൃതര്‍, പോലിസിന്റെ സഹായത്തോടെ എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് കടകള്‍ പൊളിച്ചുനീക്കിയത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകളും മറ്റും പൊളിക്കുന്നതിനെ സംബന്ധിച്ച് കട നടത്തിപ്പുകാര്‍ക്ക് കഴിഞ്ഞദിവസം നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചതിനെ തൂടര്‍ന്ന് മിക്ക കടക്കാരും കടയിലെ സാധനങ്ങള്‍ മാറ്റി. എന്നാല്‍ ചിലര്‍ സാധനങ്ങള്‍ മാത്രം മാറ്റി കട തല്‍സ്ഥാനത്തു തന്നെ നിലനിറുത്തി. പരിശോധന കഴിഞ്ഞു പോയാല്‍ വീണ്ടും കട നടത്താമെന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ചുളള കടപൊളിക്കലില്‍ എല്ലാം തകര്‍ത്തു.
പോലിസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന കട പൊളിക്കലിനെ ചെറുക്കാന്‍ വ്യാപാരികള്‍ ആരും തന്നെ മുന്നോട്ടുവന്നില്ല. അതേസമയം കടപൊളിച്ചെങ്കിലും അങ്ങു ദൂരെ മാറി വ്യാപാരികള്‍ ചില്ലറ കച്ചവടം നടത്തി. എണ്ണ പലഹാരങ്ങളും മറ്റും ചെറിയ പാത്രങ്ങളില്‍ കൊണ്ടുവന്നായിരുന്നു ഇവരുടെ ഇന്നലത്തെ കച്ചവടം.
കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലേക്കു എത്തുന്നവര്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടാണ് മിക്ക കടകളും പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ പാളയപേട്ടയില്‍ നിന്ന് കോട്ടമൈതാനത്തേക്കു എത്തുന്ന ഈ റോഡില്‍ എന്നും ഗതാഗതകുരുക്കുതന്നെയാണ്. അത്യാഹിതവുമായി വരുന്ന രോഗികളുടെ വാഹനങ്ങളും ഗതാഗത കൂരുക്കിലകപ്പെടാറുണ്ട്. നവജാത ശിശുക്കള്‍ക്കാവശ്യമായുളള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മുതല്‍ ചായക്കട, കഞ്ഞിക്കട, തുണിക്കട എന്നിവയാണ് ആശുപത്രിക്കുമുന്നിലെ റോഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവിടുത്തെ അനധികൃത കച്ചവടത്തെപ്പറ്റി അധികൃതരോടു പരാതികള്‍ പറയാത്തവര്‍ വിരളമാണ്.
നടപടിയെടുക്കാമെന്ന് വാക്കു നല്‍കാറുണ്ടെങ്കിലും അതൊന്നും മിക്കപ്പോഴും പാലിക്കപ്പെടാറില്ല. കടക്കാരുമായുളള ഒരു അഡ്ജസ്റ്റുമെന്റാണ് ഇതിനു പിന്നില്ലെന്ന് ആരോപണമുണ്ട്. പരാതി കൂടുതല്‍ ശക്തമാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ കട ഒഴിപ്പിക്കാന്‍ രംഗത്തിറങ്ങാറുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ കടകള്‍ പഴയതുപോലെ സജീവമാകാറുണ്ടെന്നതാണ് സത്യം.
Next Story

RELATED STORIES

Share it