wayanad local

ജില്ലാതല മല്‍സ്യവിളവെടുപ്പും മല്‍സ്യകര്‍ഷകസഭയും

കല്‍പ്പറ്റ: ഉള്‍നാടന്‍ മല്‍സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന മല്‍സ്യസമൃദ്ധി പദ്ധതിയുടെ വിളവെടുപ്പിന്റെയും മല്‍സ്യകര്‍ഷകസഭയുടെയും ജില്ലാതല ഉദ്ഘാടനം മീനങ്ങാടി പുല്ലുമല എ സി രവീന്ദ്രന്റെ കൃഷിയിടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ശുദ്ധജല ശാസ്ത്രീയ മല്‍സ്യ കൃഷിരീതികള്‍ പിന്തുടരുന്ന രവീന്ദ്രനെ മികച്ച പഞ്ചായത്ത് തല മല്‍സ്യകര്‍ഷക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച മുഴുവന്‍ കുളങ്ങളിലും മല്‍സ്യം കൃഷി ചെയ്ത് മാതൃകയായ മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിന് മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡും ലഭിച്ചു.
ഈ വര്‍ഷം ജില്ലയില്‍ 225 ഹെക്റ്റര്‍ വിസ്തൃതിയിലാണ് മല്‍സ്യകൃഷി നടത്തുന്നത്. 650 ടണ്‍ മല്‍സ്യം നാലു മാസത്തിനകം പിടിക്കുന്ന തരത്തില്‍ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും വിളവെടുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 250 രൂപ നിരക്കിലാണ് മല്‍സ്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മല്‍സ്യകര്‍ഷകര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന മല്‍സ്യകര്‍ഷക സഭയുടെ യോഗവും ചേര്‍ന്നു. മല്‍സ്യ കര്‍ഷക ഏജന്‍സിയുടെ ഉപഹാരം മാനേജിങ് കമ്മിറ്റി അംഗം അനില തോമസ് എ സി രവീന്ദ്രന് നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ മിനി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ഡിവിഷന്‍ മെംബര്‍ ഓമന ടീച്ചര്‍, പി വാസുദേവന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, നോഡല്‍ ഓഫിസര്‍ മെര്‍ലിന്‍ അലക്‌സ്, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it