palakkad local

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍  ആയിരക്കണക്കിനു നേന്ത്രവാഴകള്‍ നശിച്ചു

ആനക്കര: നാട്ടൂകാരെ ഭീതിയിലാക്കി പടിഞ്ഞാറന്‍ മേഖലയില്‍ കൊടുങ്കാറ്റ് വീശിയടിച്ചു. ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച്ച രാവിലെ പത്ത് മുതലാണ് ചെറിയ തോതില്‍ പൊടിക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്. അത് 11 ഓടെ ശക്തമായതോടെയാണ് നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടത്. ഓട് മേഞ്ഞ വീടുകളിലുളളവര്‍ കാറ്റ് ശക്തമായതോടെ വീടുകള്‍ വിട്ടിറങ്ങി. എന്നാല്‍ കാറ്റിന്റെ വേഗതയും മരങ്ങള്‍ കാറ്റില്‍ ആടി ഉലയാനും തുടങ്ങിയതോടെ പലരും വാഹനങ്ങളും റോഡരികില്‍ നിര്‍ത്തിയിട്ടു.
ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് കാറ്റ് ശമിക്കാന്‍ തുടങ്ങിയത്. അപ്പോഴേയ്ക്കും വാഴതോട്ടങ്ങള്‍ പൂര്‍ണ്ണമായി നശിച്ചിരുന്നു. പട്ടിത്തറ, ആനക്കര, പരുതൂര്‍, തൃത്താല പഞ്ചായത്തുകളിലെ തോട്ടങ്ങളിലെ വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കുല വന്ന നേന്ത്രവാഴകളാണ് ഇത്തരത്തില്‍ ഒടിഞ്ഞുവീണ് നശിച്ചത്. പട്ടിത്തറയിലെ പുഴയോരമേഖലയിലാണ് വാഴകള്‍ കൂടുതല്‍ നിലംപൊത്തിയിട്ടുളളത്. വെളളിലാമ്പുളളി വേലായുധന്‍ 200, പന്തംപുലാക്കല്‍ സെയ്‌നു, ചാലിപറമ്പില്‍ കുട്ട ഹസ്സന്‍, പതിയംപറമ്പില്‍ ശിവരാമന്‍, ചിറ്റപ്പുറത്ത് ബീരാന്‍, ചന്ദ്രന്‍, കോരന്‍, വിനോദ് എന്നിവരടക്കം 50 കര്‍ഷകരുടെയായി അയ്യായിരം വാഴകള്‍ നശിച്ചിട്ടുണ്ട്. നാടന്‍ വാഴത്തോട്ടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും കവുങ്ങ്, തെങ്ങ്, മറ്റ് പടുമരങ്ങള്‍ എന്നിവ പൊട്ടി വീണു വൈദ്യുതിവിതരണവും തകരാറിലായി.
സ്‌കൂള്‍ അധികൃതരാണ് കാറ്റിനെ ഏറെ ഭയപ്പെട്ടത്. ഓല മേഞ്ഞ വീടുകളാണ് ഇപ്പോഴും ഈ മേഖലയില്‍ കൂടുതലുളളത്. സ്‌കൂള്‍ വളപ്പില്‍ തണലേകി മരങ്ങളുമുണ്ട്. ഇതാണ് അധ്യാപകരെ ഭയത്തിലാക്കിയത്. ഇതോടൊപ്പം കുട്ടികളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയച്ച രക്ഷിതാക്കളും ആശങ്കയിലായിരുന്നു.
പല രക്ഷിതാക്കളും സ്‌കൂള്‍ വിടുന്നതിന് മുമ്പുതന്നെ കുട്ടികളെ കാത്ത് വിദ്യാലയങ്ങള്‍ക്ക് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇത് ആദ്യമായാണ് ഇത്തരത്തില്‍ വേനല്‍കാറ്റ് വീശിയടിക്കുന്നത്. കാറ്റില്‍ ശക്തമായ പൊടിയും വീശിയടിച്ചിരുന്നു.
Next Story

RELATED STORIES

Share it