kozhikode local

ജില്ലയില്‍ 81.88 ശതമാനം പോളിങ്; ജയം കണക്കൂകൂട്ടി പാര്‍ട്ടികള്‍

കോഴിക്കോട്: പതിനാലാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി നാളെ ഫലമറിയാമെന്നിരിക്കെ കിട്ടാവുന്ന വോട്ടുകളുടെ കൃത്യമായ എണ്ണമെടുക്കുന്ന തിരക്കിലായിരുന്നു ഇന്നലെ പാര്‍ട്ടികളും മുന്നണികളും. വോട്ടുചെയ്തവരുടെ ലിസ്‌റ്റെടുത്ത് കിട്ടിയ വോട്ടുകളെത്രയെന്നു കണക്കുകൂട്ടി വോട്ടുകളുടെ എണ്ണം ഏറെക്കുറെ തിട്ടപ്പെടുത്തിക്കഴിഞ്ഞെങ്കിലും ജില്ലയില്‍ ഇത്തവണ പുതുതായി ചേര്‍ത്ത 78432 വോട്ടുകള്‍ ആര്‍ക്കനുകൂലമാവുമെന്നതും എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് പിടിക്കാന്‍ സാധ്യതയുള്ള വോട്ടുകളും കണക്കൂകൂട്ടാനാവില്ലെന്നത് മുന്നണികളെ കുഴക്കുകയാണ്. എസ്എന്‍ഡിപിക്ക് ജില്ലയില്‍ അത്രസ്വാധീനമില്ലെങ്കിലും എന്‍ഡിഎക്കൊപ്പം കൂട്ടുകൂടിയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുന്നണി മികച്ച നേട്ടമാണ് ഉണ്ടാക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം എന്നതുകൊണ്ട് തന്നെ ആ വോട്ടുകള്‍ കണക്കുകൂട്ടിയുള്ള ഫലപ്രവചനവും അസാധ്യമാണ്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സജീവമായിരുന്നുവെന്നതും പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ജയ സാധ്യത പ്രവചിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു.
പ്രചാരണത്തില്‍ മുന്നണികള്‍ക്കൊപ്പമെത്തിയ പുതിയ പാര്‍ട്ടികള്‍ ആളുകളെ പോളിങ് സ്റ്റേഷനുകളിലെത്തിക്കുന്നതിലും അതീവ ജാഗ്രതയാണ് കാണിച്ചത്.
മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിനെതുടര്‍ന്ന് തങ്ങളുടെ ഉറച്ച വോട്ടുകള്‍ നേരത്തെത്തന്നെ ചെയ്യിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിരാവിലെത്തന്നെ നെട്ടോട്ടം തുടങ്ങിയിരുന്നു.
പോളിങ് സ്‌റ്റേഷനുകളില്‍ നിന്ന് വോട്ടു ചെയ്തവരുടെ കൃത്യമായ കണക്കുശേഖരിച്ച പ്രവര്‍ത്തകര്‍ നാല് മണിയോടെ ഇവ ക്രോഡീകരിച്ചു തങ്ങള്‍ക്ക് ചെയ്യാന്‍ സാധ്യതയുള്ളവരില്‍ ഇനിയുമെത്താത്തവരെ തേടിയിറങ്ങി. ബൂത്തിന് പുറത്ത് മൊബൈല്‍ ഫോണില്‍ വിളിച്ചും വീടുകളില്‍ പോയും അവസാന നിമിഷം പരമാവധി വോട്ടുകള്‍ ചെയ്യിക്കാന്‍ പാര്‍ട്ടിക്കാര്‍ കിണഞ്ഞു ശ്രമിച്ചതോടെ ജില്ലയിലെ പോളിങ് ശതമാനം 2011ലെ 76.29 എന്നതില്‍ നിന്ന് 81.88ലേക്ക് കുതിച്ചുയര്‍ന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 81.46 ആയിരുന്നു പോളിങ് ശതമാനം. പോളിങ് സമയം ആറ് മണിവരെയാക്കിയതും പോളിങ് ശതമാനം കൂടാനിടയാക്കി. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം. വടകര 81.2, കുറ്റിയാടി 84.97, നാദാപുരം 80.49, കൊയിലാണ്ടി 81.09, പേരാമ്പ്ര 84.89, ബാലുശ്ശേരി 83.06, എലത്തൂര്‍ 83.09, കോഴിക്കോട് നോര്‍ത്ത് 77.82, കോഴിക്കോട് സൗത്ത് 77.37, ബേപ്പൂര്‍ 81.25, കുന്ദമംഗലം 85.50, കൊടുവള്ളി 81.49, തിരുവമ്പാടി 80.40.
Next Story

RELATED STORIES

Share it