ernakulam local

ജില്ലയില്‍ 79.33 ശതമാനം പോളിങ്: ഇനി കൂട്ടലും കിഴിക്കലും; പ്രതീക്ഷയോടെ മുന്നണികള്‍

കൊച്ചി: രണ്ടര മാസം നീണ്ടു നിന്ന പ്രചരണത്തിനൊടുവില്‍ ജനം വിധിയെഴുതിയതോടെ ഇനിയുള്ള രണ്ടു ദിവസം കുട്ടലിന്റെയും കിഴിക്കലിന്റെയും തിരക്കിലായിരിക്കും മുന്നണികള്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം ജില്ലയില്‍ 79.33 ശതമാനംപേര്‍ വോട്ടു രേഖപ്പെടുത്തി. എന്നാല്‍ ഇന്ന് പുറത്തുവരുന്ന അന്തിമ കണക്കില്‍ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
പെരുമ്പാവൂര്‍-83.80, അങ്കമാലി-82.85, ആലുവ-82.97, കളമശ്ശേരി-81.37, പറവൂര്‍-79.87, വൈപ്പിന്‍-79.43, കൊച്ചി-72.09, തൃപ്പൂണിത്തുറ-76.20, എറണാകുളം-72, തൃക്കാക്കര-74.47, കുന്നത്തുനാട്-85.36, പിറവം-80.40, മൂവാറ്റുപുഴ-79.04, കോതമംഗലം-77.38 ശതമാനം എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള ശതമാനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ അന്തിമ കണക്കില്‍ ഇതില്‍ മാറ്റം വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2011 ല്‍ എറണാകുളത്ത് 77.63 ശതമാനമായിരുന്നു പോളിങ്.് അന്ന് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പറവൂര്‍(83.96) ഉം കുറവ് കൊച്ചി(66.91)യും ആയിരുന്നു. ഇന്നലെ രാവിലെ പെയ്ത മഴ ആദ്യമണിക്കൂറുകളിലെ വോട്ടിങ് ആവേശത്തെ തണുപ്പിച്ചില്ല. വോട്ടിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പോളിങ് അഞ്ച് ശതമാനം പിന്നിട്ടിരുന്നു. 11 മണിയായതോടെ ജില്ലയിലെ പോളിങ് ശതമാനം 27.74 ശതമാനമായി ഉയര്‍ന്നു.
ജില്ലയില്‍ യുഡിഎഫിന് തലവേദന സൃഷ്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിമതന്‍ മല്‍സരിക്കുന്ന കൊച്ചിയില്‍ 35.2 ശതമാനമായിരുന്നു ഉച്ചയ്ക്ക് പോളിങ് ശതമാനം. എന്നാല്‍ ആദ്യമണിക്കുറിലെ പോളിങ് കുതിപ്പ് പിന്നീട് പ്രകടമായില്ല.
പോളിങ് ശതമാനം ഇഴഞ്ഞുനീങ്ങിയ ശേഷം വൈകുന്നേരത്തോടെ വീണ്ടും പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ രുപപ്പെടുകയായിരുന്നു. വോട്ടെടുപ്പ് സമയം ആറ്‌വരെ നീട്ടിയിരുന്നതിനാല്‍ വൈകീട്ടോടെയാണ് സമ്മതിദായകര്‍ പോളിങ് ബൂത്തുകള്‍ക്ക് മുന്നിലേക്ക് എത്തിയത്. ചില കേന്ദ്രങ്ങളില്‍ യന്ത്രം തകരാറിലായത് വോട്ടെടുപ്പ് കുറച്ച് വൈകിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ പകരം യന്ത്രം സജ്ജമാക്കി വോട്ടെടുപ്പ് ഉടന്‍ പുനസ്ഥാപിച്ചു. അങ്കമാലി മണ്ഡലത്തിലെ അമലാപുരം ബൂത്തില്‍ മൂന്ന് പ്രവാശ്യം തകരാര്‍ മൂലം യന്ത്രം മാറ്റി വയ്‌ക്കേണ്ടിവന്നു. അങ്കമാലിയിലെ കോതകുളങ്ങര എല്‍പി സ്‌കൂളിലെ ബൂത്തില്‍ വിരലടയാളത്തിനായി കൊണ്ടുവന്ന മഷി തീര്‍ന്നത് മൂലം വോട്ടിങ് കുറച്ചു നേരത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിറവത്ത് വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായ അപാകതയെച്ചൊല്ലിയുണ്ടായ തര്‍ക്കം അല്‍പനേരം വോട്ടിങ് തടസ്സപ്പെടുത്തി. എറണാകുളത്തെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അര മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. പിന്നീട് പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു.
കൊച്ചി മണ്ഡലത്തിലെ ചുള്ളിക്കല്‍ എംഎഎസ്എസ് സ്‌കൂളിലും പനയപ്പിള്ളി എംഎംഒ എച്ച്എസ്എസിലും ഫോര്‍ട്ടുകൊച്ചി ഞാലിപറമ്പിലും ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും പോലിസ് ഇടപ്പെട്ടു പരിഹരിച്ചു.
Next Story

RELATED STORIES

Share it