kasaragod local

ജില്ലയില്‍ 78.34 ശതമാനം പോളിങ്

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ ആകെയുള്ള 9,90,513 വോട്ടര്‍മാരില്‍ വൈകിട്ട് ആറ് വരെ ലഭിച്ച കണക്കുകള്‍ പ്രകാരം 78.34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം. മഞ്ചേശ്വരം മണ്ഡലത്തില്‍ 2,08,145 വോട്ടര്‍മാരില്‍ 76.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ ആകെയുള്ള 1,88,848 വോട്ടര്‍മാരില്‍ 76.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉദുമയില്‍ ആകെയുള്ള 1,99,829 വോട്ടര്‍മാരില്‍ 80.29 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2,04,445 വോട്ടര്‍മാരില്‍ 78.09 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 1,89,246 വോട്ടര്‍മാരില്‍ 81.04 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
799 ബൂത്തുകളിലായി നടന്ന പോളിങില്‍ എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. 461 റിസര്‍വ് ഉള്‍പ്പെടെ 4141 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 46 സ്ഥാനാര്‍ഥികളുടെ ജനവിധിയാണ് നിര്‍ണ്ണയിച്ചത്. രാവിലെ ഏഴിന് ആരംഭിച്ച ആദ്യമണിക്കൂറില്‍ പോളിങ് ശതമാനം 6.9 രേഖപ്പെടുത്തി. ഒമ്പത് മണിക്ക് 13.4 ശതമാനവും 10ന് 21.5 ശതമാനവും 11ന് 29.3ഉം 12ന് 35.3ഉം ഒന്നിന് 44.4ഉം രണ്ടിന് 53.1ഉം മൂന്നിന് 58.5ഉം നാലിന് 63.9 ശതമാനവും അഞ്ചിന് 70.3 ശതമാനവും ആറിന് 78.34 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തി. സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ ആറ് കമ്പനി കേന്ദ്ര സേനകള്‍ ഉള്‍പ്പെടെ എട്ട് കമ്പനി സായുധസേന എത്തിയിരുന്നു. ഓരോ ബൂത്തിലും അഞ്ച് പേരടങ്ങുന്ന സേനയാണ് സുരക്ഷ ഒരുക്കിയത്. ജില്ലയിലെ 186 പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 99 ബൂത്തുകളില്‍ ഓണ്‍ലൈനായി പോളിങ് പ്രക്രിയ നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കി. പഴുതില്ലാത്ത സുരക്ഷാസംവിധാനങ്ങളും കുറ്റമറ്റ ആസൂത്രണവും വോട്ടെടുപ്പ് പൊതുവേ സമാധാനപരമാക്കുന്നതിന് സഹായിച്ചു.
ഉയര്‍ന്ന പോളിങ് ഉദുമയില്‍
കാസര്‍കോട്: ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും അഭിമാനപോരാട്ടം നടത്തുന്ന ഉദുമ മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധന. വൈകിട്ട് ആറ് വരെയുള്ള കണക്കില്‍ 80.29 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 73.98 ശതമാനമായിരുന്നു. മഞ്ചേശ്വരം 76.01. കഴിഞ്ഞ തവണ 75.14. കാസര്‍കോട് 76.27 കഴിഞ്ഞ പ്രാവശ്യം 73.38. കാഞ്ഞങ്ങാട് 78.09 കഴിഞ്ഞ തവണ 78.41. തൃക്കരിപ്പൂര്‍ 81.04 കഴിഞ്ഞ തവണ 80.39 ശതമാനം.
ഉദുമയില്‍ പോളിങ് വര്‍ദ്ധിച്ചത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് കേന്ദ്രത്തിലാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായത്. ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ച എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികളും നിലമെച്ചപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it