ernakulam local

ജില്ലയില്‍ 77.66% പോളിങ്

കൊച്ചി: ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 77.66% പോളിങ് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തില്‍ 83.35ഉം ബ്ലോക്ക് പഞ്ചായത്തില്‍ 83.78ഉം മുനിസിപ്പാലിറ്റി 81.48 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്.രാത്രിയോടെ വോട്ടിങ് മെഷീനുകള്‍ അതത് സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്നതോടെ തിരഞ്ഞെടുപ്പു സംബന്ധമായ എല്ലാ രേഖകളും ലഭ്യമാവൂ. വോട്ടിങ് ശതമാനത്തില്‍ ഇതോടെ മാറ്റം വന്നേക്കാം. 3,104 വോട്ടിങ് മെഷീനുകളില്‍ 15 എണ്ണമാണ് ജില്ലയില്‍ തകരാറിലായത്.
കനത്ത മഴയുടെ സാന്നിധ്യത്തില്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെട്ടുപ്പില്‍ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ റിപോര്‍ട്ട് ചെയ്തില്ല. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പതിനൊന്നോടെ പോളിങ് ശക്തമായി. കഴിഞ്ഞരാത്രി തുടങ്ങിയ മഴ രാവിലെ എട്ടോടെ ശമിച്ചതോടെ പോളിങ് ബൂത്തിലേക്കുള്ള സമ്മതിദായകരുടെ ഒഴുക്കും വര്‍ധിച്ചു. ജില്ലയിലെ ബൂത്തുകളിലെങ്ങും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും നീണ്ട നിരയില്‍ സ്ഥാനം പിടിച്ച് നാടിന്റെ വിധിയെഴുത്തില്‍ പങ്കാളിയായി.
പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ശക്തമായ പോളിങ് രേഖപ്പെടുത്തി. പായിപ്ര ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ പതിനൊന്നോടെ 69% പേര്‍ വോട്ടു രേഖപ്പെടുത്തി. ഉച്ചയോടെ പോളിങ് ശതമാനം 88 നു മുകളിലെത്തി. പോളിങ് അവസാനിക്കുമ്പോള്‍ 93.5% പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 1340 പേരില്‍ 1253 പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ വോട്ടിങ് പൊതുവെ ശാന്തമായിരുന്നെങ്കിലും ചില ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. കൊച്ചി കോര്‍പറേഷനില്‍ ഒരു കേന്ദ്രത്തിലും നഗരസഭകളിലെ മൂന്നിടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറിടത്തുമാണ് യന്ത്രം പണിമുടക്കിയത്. പല ബൂത്തുകളിലും വോട്ടിങ്ങിനു മുന്‍പേ പ്രശ്‌നം പരിഹരിച്ചതിനാല്‍ കൃത്യസമയത്തു തന്നെ പോളിങ് തുടങ്ങാനായി.
മൂവാറ്റുപുഴ നഗരസഭയില്‍ സംഗമം (24) ബൂത്തിലും കുഴിമറ്റത്തും (14) നേരിയ തകരാര്‍ കണ്ടതിനാല്‍ വോട്ടിങ് അരമണിക്കൂര്‍ വൈകി. കോതമംഗലത്ത് 19 -ാം വാര്‍ഡായ വിമലഗിരിയില്‍ മോക്ക് പോളിങ്ങില്‍ തന്നെ തകരാര്‍ പരിഹരിച്ചു. ഏലൂര്‍ നഗരസഭയില്‍ മഞ്ഞുമ്മലും തൃക്കാക്കരയില്‍ 22-ാം വാര്‍ഡിലും പിറവത്ത് 14 -ാം വാര്‍ഡായ നാമക്കുഴിയിലും യന്ത്രം ഓണ്‍ ചെയ്യാന്‍ തടസ്സം നേരിട്ടെങ്കിലും വോട്ടിങ്ങിനെ ബാധിച്ചില്ല.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തില്‍ നെടുമ്പാശേരി (19), ശ്രീമൂലനഗരം (6), ഡിവിഷനുകളിലെ ഒന്നാം നമ്പര്‍ ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ അവ മാറ്റിവച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടിങ് ആരംഭിച്ചത്.
വാഴക്കുളം ബ്ലോക്കിലെ സഹദ് ഭവനിലും മുളന്തുരുത്തിയിലെ ആമ്പല്ലൂരിലും പാമ്പാക്കുടയുലെ രാമമംഗലത്തും നേരിയ തകരാര്‍ മൂലം വോട്ടര്‍മാര്‍ക്ക് അരമണിക്കൂറോളം വോട്ടു ചെയ്യാനായി കാത്തു നില്‍ക്കേണ്ടി വന്നു. കൂവപ്പടിയിലെ പ്രളയക്കാട് വാര്‍ഡില്‍ യന്ത്രത്തില്‍ ബീപ്പ് ശബ്ദം കേള്‍ക്കാത്തതിനാല്‍ പുതിയ യന്ത്രം വച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്.
Next Story

RELATED STORIES

Share it