Alappuzha local

ജില്ലയില്‍ 76.37 ശതമാനം പോളിങ്

ആലപ്പുഴ: 16ാം നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 76.37 ശതമാനം പോളിങ് രേഖപ്പെടുത്തി.
ചേര്‍ത്തല മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 84.1 ശതമാനം പോളിങ്. കുട്ടനാട് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 71.4 ശതമാനം. മറ്റു മണ്ഡലങ്ങളിലെ പോളിങ് അരൂര്‍- 82.9, ആലപ്പുഴ- 73.59, അമ്പലപ്പുഴ 72.1, ഹരിപ്പാട് 76.9, കായംകുളം 75.8, മാവേലിക്കര 76.5, ചെങ്ങന്നൂര്‍ 74.12 എന്നിങ്ങനെയാണ് രാത്രി 8.45 വരെ ശേഖരിച്ച കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. കണക്കില്‍ ചെറിയ മാറ്റത്തിനു മാത്രമേ സാധ്യതയുള്ളൂവെന്നു അധികൃതര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2.73 ശതമാനം കുറഞ്ഞ പോളിങ് നിരക്കാണ് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2011 ലെ നിയമസഭാ ഇലക്ഷനില്‍ 79.1 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 84.7 ശതമാനം പോളിങ് രേഖപ്പെടുത്തിയ ചേര്‍ത്തലയായിരുന്നു മുന്നില്‍. 71.2 ശതമാനം ചെങ്ങന്നൂരായിരുന്നു ഏറ്റവും പിറകില്‍.
മറ്റുമണ്ഡലങ്ങളിലെ പോളിങ് നില. അരൂര്‍-84.0, ആലപ്പുഴ 80.7, അമ്പലപ്പുഴ 79.3. കുട്ടനാട് 78.6, ഹരിപ്പാട് 79.5, കായംകുളം 77.6, മാവേലിക്കര 75.8.
ബിഡിജെഎസ്-ബിജെപി സഖ്യത്തിനു ഏറെ പ്രതീക്ഷ നല്‍കിയിരുന്ന കുട്ടനാട് മണ്ഡലത്തില്‍ പോളിങ് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ കുറഞ്ഞു. 7.2 ശതമാനം പോളിങ് നിരക്കിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദി വരെ കുട്ടനാട്ടില്‍ പ്രചാരണത്തിനെത്തിയിരുന്നു. മൂന്നാംമുന്നണിയായി ഉയര്‍ന്നു വന്ന എന്‍ഡിഎ ശക്തമായ പ്രചാരണം നടത്തിയെങ്കിലും പോളിങ് ശതമാനത്തിന്റെ കുറവ് പ്രചാരണങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തില്ലെന്ന സൂചന നല്‍കുന്നുണ്ട്.
ചതുഷ്‌കോണ മല്‍സരം നടന്ന ചെങ്ങന്നൂരില്‍ പോളിങ് നില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 71.2 ശതമാനം രേഖപ്പെടുത്തിയിരുന്നത് ഇക്കുറി 74.12 ശതമാനമായി വര്‍ധിച്ചു. അതേസമയം ശക്തമായ മല്‍സരം നടക്കുന്നുവെന്നു പ്രചരിക്കപ്പെട്ട കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, ഹരിപ്പാട്, കുട്ടനാട് എന്നിവിടങ്ങൡ പോളിങ് നിരക്ക് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറയുകയാണുണ്ടായത്. ബിജെപി ബിഡിജെഎസ് സഖ്യത്തിനു പ്രതീക്ഷയില്ലാതാക്കുന്ന കണക്കുകളാണിവ. അതേസമയം അരൂര്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പോളിങ് നില കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെടുകയാണുണ്ടായത്.
Next Story

RELATED STORIES

Share it