kasaragod local

ജില്ലയില്‍ 59 ഡെങ്കിപ്പനി സ്ഥിരീകരിച്ചു; മാലിന്യ നിര്‍മാര്‍ജനം ഊര്‍ജിതമാക്കും

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 59 ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ജില്ലാതല അവലോകനസമിതി യോഗത്തില്‍ ഡിഎംഒ വ്യക്തമാക്കി. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത രീതിയിലാണ് വേനല്‍ കാലങ്ങളിലും ഡെങ്കിപ്പനി പടരുന്നുവെന്നത് ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
ജില്ലയില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ പകര്‍ച്ചവ്യാധികള്‍ കാണപ്പെടുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ 45ഉം ഫെബ്രുവരിയില്‍ ഇതുവരെ 14 ഉം ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഡെങ്കി പനി റിപോര്‍ട്ട് ചെയ്തിരുന്നില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുതല സമിതികള്‍ വിളിച്ചു ചേര്‍ത്ത് എന്‍എസ്എസ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിവിധ സന്നദ്ധസംഘടനകളുടെയും യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെ മാലിന്യ നിര്‍മാര്‍ജ്ജനം ശക്തമാക്കണമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. മഴക്കാലത്തു മാത്രം മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഹാരമാര്‍ഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മാണസ്ഥലങ്ങളിലും മലയോരങ്ങളിലെ കവുങ്ങ്, റബര്‍ തോട്ടങ്ങളിലും പാളകളിലും ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കണം. പട്ടണപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഫഌക്‌സ് ബോര്‍ഡുകള്‍ തേങ്ങതൊണ്ടുകള്‍ തുടങ്ങിയവ വലിച്ചെറിയുന്നത് കര്‍ശനമായി തടയണം. ടാങ്കുകളിലും കൊതുകിന്റെ കൂത്താടികള്‍ പെരുകാനുളള സാഹചര്യമുണ്ട്.
യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ മോഹനന്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള നടപടികള്‍ വിശദീകരിച്ചു. ഡിഎംഒ (ആരോഗ്യം) ഡോ. എ പി ദിനേശ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it