wayanad local

ജില്ലയില്‍ 1,494 കാന്‍സര്‍ രോഗികള്‍

കല്‍പ്പറ്റ: ജില്ലയില്‍ വ്യാപകമാവുന്ന കാന്‍സറിനെ പ്രതിരോധിക്കുന്നതിന്റെ സന്ദേശവുമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ വദനാര്‍ബുദ രോഗനിര്‍ണയ- ബോധവല്‍ക്കരണ ക്യാംപിന് തുടക്കമായി. പരിപാടി മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വം ശീലമാക്കി ദുശ്ശീലങ്ങളെ ഒഴിവാക്കിയാല്‍ ഇത്തരത്തിലുള്ള മാരകരോഗങ്ങളെ തടയാന്‍ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 20 വരെയാണ് ക്യാംപ് നടക്കുന്നത്.
ജില്ലയില്‍ 1,494 കാന്‍സര്‍ രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 157ഓളം പേര്‍ വായിലെ കാന്‍സര്‍ ബാധിതരാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സറുകള്‍ എന്നിവയും കൂടുതലായി കണ്ടുവരുന്നതായും പ്രാരംഭഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയുമെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സന്തോഷ് വ്യക്തമാക്കി.
മനുഷ്യ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങളിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി പെരുകുകയും അടുത്തുള്ള ശരീരകലകളെ നശിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അര്‍ബുദം. 2015ലെ റിപോര്‍ട്ട് അനുസരിച്ച് ഒപി പരിശോധനയ്ക്ക് വിധേയരായ 318 പേരില്‍ 98 കേസുകള്‍ സ്ഥിരീകരിക്കുകയും 220 പേരില്‍ കാന്‍സര്‍ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യത്തിന് ഹാനികരവും കാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് കാരണമാവുന്ന വെറ്റിലമുറുക്ക്, പുകയില, മയക്കുമരുന്ന് തുടങ്ങിയ പദാര്‍ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കി മാരകരോഗമായ കാന്‍സറിനെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ നല്ലൂര്‍നാട് അംബേദ്കര്‍ കാന്‍സര്‍ കെയര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്.
പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നവരെയും ദന്തശുചിത്വം കുറവുള്ളവര്‍, പോഷകാഹാരക്കുറവ് നേരിടുന്നവര്‍ എന്നിവരെയും കണ്ടെത്തി ക്യാംപുകളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ആറു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിദഗ്ധ ദന്ത ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാവും. രോഗബാധിതരെ കണ്ടെത്തിയാല്‍ തുടര്‍ചികില്‍സയ്ക്കുള്ള നിര്‍ദേശങ്ങളും നല്‍കും. ക്യാംപിന്റെ ഭാഗമായി കാന്‍സര്‍ രോഗം- പ്രതിരോധ മാര്‍ഗങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
ജില്ലാ ആശുപത്രി അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ബാബു ഈഡന്റെ നേതൃത്വത്തില്‍ വദനരോഗ നിര്‍ണയ വിഭാഗത്തിലെ വിദഗ്ധരായ ഡോ. എം എം മിനി, ഡോ. സല്‍മാന്‍ ഉള്‍ ഹാരിസ്, ഡോ. അരുണ്‍ മുരളി, ഡോ. അരവിന്ദ് പ്രസാദ്, ഡോ. എസ് എസ് ഡിപിന്‍ ചന്ദ്രദാസ്, ഡോ. കെ ജിതിന്‍, ഡോ. എല്‍ വൈശാഖ്, ഡോ. ഇ കെ ധന്യ, ഡോ. അഞ്ജു വിജയ്, ഡോ. വിനീഷ് അരവിന്ദ് ക്യാംപില്‍ പങ്കെടുക്കും.
മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം പ്രഭാകരന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നല്ലൂര്‍നാട് അംബേദ്കര്‍ കാന്‍സര്‍ കെയര്‍ ആശുപത്രിയിലെ ഡോ. എം സന്തോഷ് കുമാര്‍, ആര്‍എംഒ കെ സുരേഷ്, നഴ്‌സിങ് സൂപ്രണ്ട് എന്‍ എന്‍ ഓമന, സി കെ മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി പങ്കെടുത്തു.
Next Story

RELATED STORIES

Share it