malappuram local

ജില്ലയില്‍ 14,000 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ല

പൊന്നാനി: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി ജില്ല മുന്നേറുമ്പോഴും ഉപരിപഠനത്തിനുള്ള അവസരം തേടി പരക്കംപായേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന വിജയമാണ് ജില്ല കൈവരിച്ചത്. എന്നാല്‍, ഉപരിപഠന യോഗ്യത നേടിയ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.
79,816 പേരാണ് ഇത്തവണ ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2,700 പേര്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടെങ്കിലും ഉപരിപഠനയോഗ്യത നേടിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 45,886 സീറ്റുകളായിരുന്നു ജില്ലയില്‍ പ്ലസ് വണ്ണിനുണ്ടായിരുന്നത്. പിന്നിട് 159 അധിക ബാച്ചുകള്‍ കൂടി അനുവദിച്ചു. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഉപരിപഠനത്തിനര്‍ഹരാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ഇത്തവണ ഉപരിപഠനത്തിനര്‍ഹരായ 18,000 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കില്ല. പോളിടെക്‌നിക്, വിഎച്ച്എസ്ഇ, ഐടിഐ എന്നിവയില്‍ പ്രവേശനം നേടിയാലും 14,000 പേര്‍ വീണ്ടും പടിക്ക് പുറത്താവും. അവര്‍ സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതിയിരുന്നു. ഉപരിപഠനയോഗ്യത നേടിയവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍, ഇവര്‍ക്കാവശ്യമായ സീറ്റുകള്‍ ജില്ലയിലില്ല. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ ഏയ്ഡഡ് മേഖലകളിലായി 60,262 സീറ്റുകളാണ് പ്ലസ് വണ്ണിന് ആകെയുള്ളത്. 82 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 25,260 സീറ്റുകളും 72 എയ്ഡഡ് സ്‌കൂളുകളില്‍ 21,139 സീറ്റുകളും 71 അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 13,503 സീറ്റുകളും ജില്ലയിലുണ്ട്. എന്നാല്‍, ഉപരിപഠനത്തിനര്‍ഹരായ 79,816 പേരില്‍ പതിനാറായിരത്തോളം പേര്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല.
പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വരുന്നവര്‍ക്ക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, പൊളിടെക്‌നിക് കോളജുകള്‍, ഐടിഐ എന്നിവയില്‍ പ്രവേശനം നേടാം. വിഎച്ച്എസ്ഇയില്‍ 2,325 പേര്‍ക്ക് പ്രവേശനം ലഭിക്കും. പോളിടെക്‌നിക്കുകളില്‍ 1,400 ഓളം പേര്‍ക്ക് പ്രവേശനം ലഭിക്കും. ജില്ലയില്‍ ആറ് സര്‍ക്കാര്‍ ഐടിഐകളും അറുപതോളം സ്വകാര്യ ഐടിഐകളുമുണ്ട്. 250 ലധികം പേര്‍ക്ക് സര്‍ക്കാര്‍ ഐടിഐകളില്‍ സീറ്റ് ലഭിക്കും. എന്നാലും പതിനാലായിരത്തോളം പേര്‍ക്ക് സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.
Next Story

RELATED STORIES

Share it