Kollam Local

ജില്ലയില്‍ 14 പേര്‍ കൂടി പത്രിക നല്‍കി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 14 പേര്‍ കൂടി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ്, എസ്ഡിപിഐ സ്ഥാനാര്‍ഥി ജോണ്‍ണ്‍ കണ്ടച്ചിറ, കുന്നത്തൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കല്‍, പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുകേഷ്, ഇരവിപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം നൗഷാദ്, കരുനാഗപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷ് എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
ഉച്ചയോടെയാണ് എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷനും കുന്നത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ തുളസീധരന്‍ പള്ളിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. സിനിമാ പറമ്പില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പം വാഹനജാഥയായിട്ടായിരുന്നു സ്ഥാനാര്‍ഥി എത്തിയത്. വരണാധികാരി ശാസ്താംകോട്ട ബിഡിഒ സുജാത പത്രിക സ്വീകരിച്ചു. സമാജ് വാദി പാര്‍ട്ടി സംസ്ഥാന സമിതിയംഗം ജി കെ പിള്ള, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സലിം വിളയിലയ്യം, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് റാവുത്തര്‍, മണ്ഡലം കമ്മിറ്റിയംഗം നസീര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ജോണ്‍സണ്‍ കണ്ടച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. എഡിസിപിഎ പി പ്രദീപ്കുമാര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ് നിസാര്‍, എസ്ഡിപിഐ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, മണ്ഡലം പ്രസിഡന്റ് നുജുമുദ്ദീന്‍ അഞ്ചുമുക്ക്, സിയാദുകുട്ടി എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി ജഗദീഷ്‌കുമാര്‍ രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പിടവൂര്‍ ജങ്ഷനില്‍ നിന്നും പ്രകടനമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലെത്തി പത്രിക നല്‍കുകയായിരുന്നു. സഹവരണാധികാരിയും പത്തനാപുരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസറുമായ കെ ഇ വിനോദ്കുമാറാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. കെപിസിസി സെക്രട്ടറി ജി രതികുമാര്‍,നിര്‍വാഹക സമിതിയംഗം സി ആര്‍ നജീബ്, ഡിസിസി സെക്രട്ടറി ബാബു മാത്യു, കേരള കോണ്‍ഗ്രസ്(എം) ജില്ല പ്രസിഡന്റ് ബെന്നി കക്കാട്, കണ്‍വീനര്‍ കെ അനില്‍,ഉസ്മാന്‍ സാഹിബ്,ഷേക് പരീത്, ലതാ സി നായര്‍,ടിജു യോഹന്നാന്‍,എം എസ് പ്രദീപ്കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടോടെയാണ് സി ആര്‍ മഹേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിന് മുന്നോടിയായി യുഡിവൈഎഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ബൈക്ക് റാലി നടത്തിയിരുന്നു. യുഡിവൈഎഫ് നിയോജകമണ്ഡലം ചെര്‍മാന്‍ കെഎസ്പുരം സുധീര്‍, ക്ലാപ്പന ഷിബു, താഹിര്‍, സി ഒ കണ്ണന്‍, മഞ്ചുകുട്ടന്‍, ബിജുപാഞ്ചജന്യം, വി എസ് വിനോദ്, ഇര്‍ഷാദ്, മഞ്ജുകുട്ടന്‍, രാജേഷ് പട്ടശ്ശേരി, വി എം ഷരീഫ് റാലിക്ക് നേതൃത്വം നല്‍കി. കൊല്ലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനര്‍ഥി എം മുകേഷും ഇരവിപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം നൗഷാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എം മുകേഷ് വരണാധികാരിയായ ദാരിദ്ര്യനിര്‍മാര്‍ജന വിഭാഗം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമീഷണര്‍ വി പ്രദീപ്കുമാര്‍ മുമ്പാകെ കലക്ടറേറ്റിലാണ് പത്രിക സമര്‍പ്പിച്ചത്.
ഹൈസ്‌കൂള്‍ ജങ്ഷനിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍, എല്‍ഡിഎഫ് മണ്ഡലം പ്രസിഡന്റ് ആര്‍ വിജയകുമാര്‍, ഡി സുകേശന്‍, വി കെ അനിരുദ്ധന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം നൗഷാദ് കൊല്ലം കലക്ടറേറ്റില്‍ വരണാധികാരി മുമ്പാകെ ബുധനാഴ്ച പത്രികസമര്‍പ്പിച്ചു. സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഎം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രന്‍, കൊല്ലം മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എക്‌സ് ഏണസ്റ്റ്, പ്രസിഡന്റ് എ ബിജു, സിപിഎം കൊല്ലം ഈസ്റ്റ് ഏരിയസെക്രട്ടറി എസ് പ്രസാദ്, ആര്‍എസ്പി എല്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബിജു ലക്ഷ്മികാന്തന്‍, കെ പി പ്രകാശ്, സിപിഎം ചാത്തന്നൂര്‍ ഏരിയസെക്രട്ടറി കെ സേതുമാധവന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.
കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ഥി രാജേശ്വരിയമ്മ, ചടയമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി ശിവദാസന്‍പിള്ള എന്നിവരും ഇന്നലെ പത്രിക നല്‍കി. പുനലൂരില്‍ യുഡിഎഫ് ഡമ്മി സ്ഥാനാര്‍ഥിയായി വൈ നൗഷാദും കുണ്ടറ മണ്ഡലത്തിലെ ബിജെപി ഡമ്മി സ്ഥാനാര്‍ഥി എം എസ് ശ്യാംകുമാറും പത്രിക നല്‍കി.
കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ ഇന്നലെ ഒരു സെറ്റ് പത്രിക കൂടി നല്‍കി. ചവറയില്‍ അബു മുഹമ്മദ്, ചെല്ലപ്പന്‍ എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായും ഇന്നലെ പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it