kannur local

ജില്ലയില്‍ 126 ഡോക്ടര്‍മാരുടെ ഒഴിവുകള്‍; താല്‍ക്കാലിക നിയമനത്തിന് മന്ത്രിയുടെ നിര്‍ദേശം

കണ്ണൂര്‍: ജില്ലയില്‍ 126 ഡോക്ടര്‍മാരുടെയും 89 നഴ്‌സുമാരുടെയും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ പി ബാലകിരണ്‍. കലക്ടറേറ്റില്‍ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മഴക്കാലമെത്തുന്നതോടെ പനിയും പകര്‍ച്ചവ്യാധിയും വ്യാകമാവുമെന്ന ആശങ്കയ്ക്കിടെയാണ് ഡോക്ടര്‍മാരുടെ ഒഴിവ് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചത്.
അതേസമയം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നും പരിശോധനാ സംവിധാനങ്ങളും ആവശ്യത്തിന് ലഭ്യമാണ്. ജില്ലാ തലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 2713437. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളില്‍ അടിയന്തിരമായി താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടറെങ്കിലും ഉണ്ടെന്ന് ഡിഎംഒ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം മഴ കൂടുമെന്നും പകര്‍ച്ചവ്യാധി വ്യാപന സാധ്യത 10 ശതമാനം വര്‍ധിച്ചേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട്. ഇത് ഗൗരവമായി കണ്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ചികില്‍സാലയങ്ങളില്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് നടപടിയെടുക്കും. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഉറപ്പാക്കാനും അടിയന്തിര നടപടിയെടുക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it