kannur local

ജില്ലയില്‍ വീണ്ടും ചില്ലറക്ഷാമം രൂക്ഷം

കണ്ണൂര്‍: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ വീണ്ടും ചില്ലറക്ഷാമം രൂക്ഷമായി. 50 പൈസ മുതല്‍ അഞ്ചുരൂപ വരെയുള്ള നാണയങ്ങള്‍ക്കാണ് കടുത്ത ക്ഷാമം. വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളെയും വ്യാപാരികളെയും ബസ് യാത്രക്കാരെയും ജീവനക്കാരെയുമൊക്കെ ചില്ലറക്ഷാമം രൂക്ഷമായി ബാധിക്കുന്നു.
ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. ബാക്കി കൊടുക്കാനുള്ള തുക മൂന്നും നാലും പേര്‍ക്ക് ഒന്നിച്ചുനല്‍കേണ്ട ഗതികേടിലാണു കണ്ടക്ടര്‍മാര്‍.
കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കഴിയുമ്പോള്‍ ബാക്കി ചില്ലറ ഉപഭോക്താവിന് കൊടുക്കാനില്ലെങ്കില്‍ തുല്യമായ തുകയ്ക്കു മിഠായി നല്‍കി തടിയൂരുകയാണു വ്യാപാരികള്‍. ഉല്‍സവ സീസണുകളില്‍ നാണയങ്ങളുടെ ലഭ്യത അതിരൂക്ഷമാവും.
നാണയങ്ങള്‍ റിസര്‍വ് ബാങ്കില്‍നിന്ന് ഇഷ്ടംപോലെ നല്‍കും. കച്ചവടക്കാര്‍ക്ക് ബാഗുകണക്കിനു ചില്ലറ നല്‍കാറുണ്ട്. 50 പൈസയുടെ തുട്ടുകള്‍ക്കൊഴികെ വേറൊന്നിനും പരിധിയില്ല. ചില്ലറ നാണയങ്ങള്‍ കൂടുതലായി പ്രചരിക്കണമെന്നു തന്നെയാണു റിസര്‍വ് ബാങ്ക് നയം.
എന്നാല്‍ ഇവയൊക്കെ എവിടെ പോവുന്നുവെന്നു ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. പുതിയ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നാണയങ്ങള്‍ വാഷര്‍ ആക്കാന്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് ചില്ലറക്ഷാമം രൂക്ഷമാവുന്നതെന്ന് മുമ്പ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നു. തുരുമ്പെടുക്കാത്ത ലോഹക്കൂട്ടായതിനാല്‍ ഇവ വാഹനങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
ഒരുരൂപ നാണയം വാഷറായി വില്‍ക്കുന്നത് അഞ്ചു രൂപയ്ക്കാണ്. ഇതിനായി ഒരുരൂപയ്ക്ക് അതിനേക്കാള്‍ വിലകൊടുത്ത് നാണയം ശേഖരിക്കുന്നവരുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് ചില്ലറ മൊത്തമായി കടത്തുന്നതും തിരിച്ചടിയായിട്ടുണ്ട്. ചില്ലറക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം നാണയവിതരണ മേള നടത്തണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it