kannur local

ജില്ലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനു പടിവാതില്‍ക്കല്‍ നില്‍ക്കെ ജില്ലയില്‍ വിവിധ പദ്ധതികള്‍ നാളെ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കലിനു പുറമെ മറ്റൊരു പ്രധാന പദ്ധതിയാണ് സെന്റ് ഏയ്ഞ്ചലോ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന കണ്ണൂര്‍ കോട്ടയില്‍ 3.88 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 7നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ ആദ്യ പ്രദര്‍ശനവും നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ സി ജോസഫ്, മന്ത്രി കെ പി മോഹനന്‍, എംപിമാരായ പി കെ ശ്രീമതി, കെ സി വേണുഗോപാല്‍, എംഎല്‍എ മാരായ എ പി അബ്ദുല്ലക്കുട്ടി, സണ്ണി ജോസഫ്, കെ എം ഷാജി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍  ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, കെ സി ഗണേശന്‍ സംബന്ധിച്ചു.
സംസ്ഥാനത്ത് ഇ-ഓഫിസ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്ന ആദ്യജില്ലയായി കണ്ണൂര്‍ മാറിയതിന്റെ പ്രഖ്യാപനവും അക്ഷയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
നാളെ വൈകിട്ട് 4നു കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ സി ജോസഫും സംബന്ധിക്കും. ഇ-ഓഫിസ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ മൂന്നാമത്ത കലക്ടറേറ്റാണ് കണ്ണൂര്‍.
അക്ഷയ സേവനങ്ങളെ സംബന്ധിച്ചും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ സമഗ്ര വിവരങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 7നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനവും സംരക്ഷണവും ലക്ഷ്യമിട്ട് നാലരകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
അഴീക്കല്‍ തുറമുഖത്ത് പുതിയതായി നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപന കര്‍മവും കട്ടര്‍ സക്ഷന്‍ ഡ്രെഡ്ജര്‍, കണ്ടെയ്‌നര്‍, റീച്ച് സ്റ്റാക്കര്‍, പിറ്റ്‌ലസ് വേയിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനവും നാളെ രാവിലെ 11നു മന്ത്രി കെ ബാബു നിര്‍വഹിക്കും. കെ എം ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it