Idukki local

ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു; ഒരു വര്‍ഷത്തിനിടെ പൊലിഞ്ഞത് 424 ജീവനുകള്‍

തൊടുപുഴ: ജില്ലയുടെ വിവിധ മേഖലകളില്‍ വാഹനപകട മരണങ്ങള്‍ പെരുകുന്നതായി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 424 അപകട മരണങ്ങളാണു ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഭവിച്ചത്. അപകടത്തിനിരയാവുന്നവരില്‍ ഏറെയും ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കട്ടപ്പനയിലും തൊടുപുഴയിലുമായി മൂന്ന് ബൈക്ക് അപകടങ്ങളില്‍ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.
അപകടങ്ങള്‍ പതിവായിട്ടും അവ കുറയ്ക്കാന്‍ ആര്‍ക്കും ജാഗ്രതയില്ല. വലുതും ചെറുതുമായ നിരവധി ബൈക്കുകളാണ് ഒരുവര്‍ഷത്തിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ടത് അതില്‍ നിരവധി ആളുകള്‍ മരിക്കുകയും അനേകം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെടുന്നവരില്‍ കൂടുതലും പ്രായപൂര്‍ത്തിയാവാത്തവരും വിദ്യാര്‍ഥികളുമാണ്.
കഴിഞ്ഞ ദിവസം എകെജിപ്പടിയിലുണ്ടായ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് കട്ടപ്പന എസ്‌ഐയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാത്തവരും ലൈസന്‍സ് ഇല്ലാത്തതുമായ 14 ബൈക്കുകളാണ് പിടികൂടിയത്. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകളാണ് പലപ്പോഴും വാഹന പരിശോധന കാര്യക്ഷമമല്ലാതാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരിലോ മദ്യപിച്ച് വാഹനമോടിച്ചതിനോ ആരെയെങ്കിലും പിടികൂടിയാല്‍ വക്കാലത്തുമായി വരുന്ന പ്രാദേശിക നേതാക്കളാണ് ഇത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ നിന്ന് രക്ഷിക്കുന്നതെന്നും ഒരുപറ്റം പോലിസുകാര്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പരിശോധനകളില്‍ ഇടപെടാന്‍ ഇക്കൂട്ടര്‍ തയ്യാറാവാത്തതിനാല്‍ അതു കാര്യക്ഷമമായി നടക്കാറുണ്ട്. രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് ആഡംബര ബൈക്കുകളാണ് വാങ്ങി നല്‍കുന്നത്. ഇത് അവരെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും അനുഭവങ്ങള്‍ മുന്‍ നിര്‍്ത്തി രക്ഷിതാക്കള്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബൈക്കുകളില്‍ ചീറിപ്പായുന്ന ഫ്രീക്കന്‍മാരെ പിടികൂടാറുണ്ടെങ്കിലും സ്‌റ്റേഷനില്‍ എത്തുന്നതിനു മുമ്പുതന്നെ ഇവരെ ഇറക്കാന്‍ രക്ഷകര്‍ത്താക്കളെത്തുമെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it