Alappuzha local

ജില്ലയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കുറവ് ഇത്തവണ നികത്തും: ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കുറവ് ഇത്തവണ ആലപ്പുഴ നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആലപ്പുഴ ടൗണ്‍ഹാള്‍ അങ്കണത്തില്‍ ജില്ലയിലെ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും എത്തിച്ച യുഡിഎഫിന്റെ മദ്യനയം വീട്ടമ്മമാര്‍ വിസ്മരിക്കില്ല. എന്നാല്‍ ഇവരെ പരിഹസിച്ചുകൊണ്ടാണ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നുകൊടുക്കുമെന്ന് കോടിയേരിയും പിണറായിയും പറയുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആലപ്പുഴ, കൊല്ലം ബൈപാസുകളുടെ നിര്‍മാണം ആരംഭിക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ ഇഛാശക്തികൊണ്ടാണ്. തറക്കല്ലിട്ട് 40 വര്‍ഷത്തോളം നിര്‍മാണം തുടങ്ങാനായിരുന്നില്ല. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഭൂമി ഏറ്റെടുത്ത് നല്‍കിയെങ്കിലേ ദേശീയപാതയുമായി ബന്ധപ്പെട്ട ബൈപാസ് നിര്‍മാണം ആരംഭിക്കൂ എന്ന സ്ഥിതി വന്നപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്ന് 400 കോടി രൂപ ചെലവഴിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസങ്ങള്‍ക്കപ്പുറമാണ് ജനവിധി കുറിക്കേണ്ടതെങ്കിലും ജില്ലയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു. യുഡിഎഫ് നേതാക്കളായ ആര്‍ എസ്പി നേതാവ് എ എ അസീസ് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും നിലപാടില്ലായ്മയെയും വിമര്‍ശിച്ചു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, യു ഡിഎഫ് നേതാക്കളായ കെ എം മാണി, എ എ അസീസ്, ജോണി നെല്ലൂര്‍, പി സി വിഷ്ണുനാഥ് എം എല്‍ എ, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, ജനതദള്‍ (യു) സംസ്ഥാന സെക്രട്ടറി ഷേക് പി ഹാരീസ്, ജോണ്‍സണ്‍ എബ്രഹാം, ഇസ്‌മെയില്‍ കുഞ്ഞ്മുസ്‌ല്യാര്‍, എം എം നസീര്‍, സി ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, എം ലിജു, ഷേക്ക് പി ഹാരിസ്, ഷാനിമോള്‍ ഉസ്മാന്‍, എസ് ശരത്, ത്രിവിക്രമന്‍തമ്പി, എം കെ അബ്ദുള്‍ ഗഫൂര്‍ ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it