malappuram local

ജില്ലയില്‍ മല്‍സരരംഗത്ത് മൂന്ന് പെരിന്തല്‍മണ്ണക്കാര്‍

പെരിന്തല്‍മണ്ണ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ജില്ലയില്‍ മല്‍സരിക്കുന്ന മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ നിന്നുള്ളവര്‍. വള്ളിക്കുന്നില്‍ മല്‍സരിക്കുന്ന മുസ്‌ലിംലീഗ് ജില്ലാ സ്രെട്ടറി പി അബ്ദുല്‍ ഹമീദ്, പൊന്നാനിയില്‍മല്‍സരിക്കുന്ന ഇടത് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍, പെരിന്തല്‍മണ്ണയില്‍ മല്‍സരിക്കുന്ന മഞ്ഞളാംകുഴി അലി എന്നിവരാണ് പെരിന്തല്‍മണ്ണ രാഷ്ട്രീയ തട്ടകമാക്കി മല്‍സരരംഗത്ത് സജീവമാവുന്നത്. ഇതില്‍ മൂന്നു പേരില്‍ മഞ്ഞളാംകുഴി അലി മാത്രമാണ് തോല്‍വി അറിയാതെ നിയമസഭയില്‍ എത്തിയിട്ടുള്ളത്. പി ശ്രീരാമകൃഷ്ണന്‍ മുന്‍പ് നിലമ്പൂരിലും പി അബ്ദുല്‍ ഹമീദ് പെരിന്തല്‍മണ്ണയിലും തോല്‍വി ഏറ്റുവാങ്ങിയവരാണ്. പി ശ്രീരാമകൃഷ്ണനും പി അബ്ദുല്‍ ഹമീദും പെരിന്തല്‍മണ്ണ താലൂക്കിലെ പട്ടിക്കാടാണ് ജനിച്ചതും വളര്‍ന്നതും. രണ്ടുപേരും അധ്യാപകരായിരുന്നു. അബ്ദുല്‍ഹമീദ് പട്ടിക്കാട് ദാറുസ്സലാം എല്‍പി സ്‌കൂളിലും ശ്രീരാമകൃഷ്ണന്‍ മേലാറ്റൂര്‍ ഹൈസ്‌കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഇരുവരും കീഴാറ്റൂര്‍ പഞ്ചായത്തിലെ ഒരേ വാര്‍ഡില്‍ നിന്നുള്ളവരാണ്. ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം പട്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ നിന്നായിരുന്നു. ഇടത് സഹയാത്രികനായി രാഷ്ട്രീയ രംഗത്തേയ്ക്ക് വന്ന മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ സാന്നിധ്യം ഉറപ്പാക്കിയ വ്യക്തിയാണ്.
ശ്രീരാമകൃഷ്ണന്റെകൂടെയും പി അബ്ദുല്‍ഹമീദിന്റെകൂടെയും ഇരുപാര്‍ട്ടികളിലും പ്രവര്‍ത്തിച്ച അലിയുടെ സ്ഥാനാര്‍ഥിത്വം പെരിന്തല്‍മണ്ണയില്‍ ഉറപ്പാക്കിയിരുന്നു. 30 വര്‍ഷം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന പെരിന്തല്‍മണ്ണ ഗ്രൂപ്പിസത്തിന്റെ പേരില്‍ ലീഗിന് നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനായാണ് അലിയെ യുഡിഎഫ് കളത്തിലിറക്കിയിരുന്നത്.
Next Story

RELATED STORIES

Share it