Idukki local

ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷം

തൊടുപുഴ: ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായി.കഴിഞ്ഞ രണ്ടാഴ്ചയായി ഗ്യാസ് ഏജന്‍സികളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സിലിണ്ടര്‍ കിട്ടുന്നില്ലെന്നാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. തൊടുപുഴ മേഖലയിലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ഉദയംപേരൂരിലെ ഐഒസി.
ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ കൂലി വര്‍ദ്ധനവിനായി രണ്ടാഴ്ച മുമ്പ് ആരംഭിച്ച മെല്ലെപോക്ക് സമരം തിങ്കളാഴ്ച മുതല്‍ പൂര്‍ണ സമരത്തിലേക്ക് മാറിയതോടെ പ്ലാന്റില്‍ നിന്നുള്ള സിലിണ്ടര്‍ നീക്കം നിലച്ചതാണ് ക്ഷാമത്തിന് കാരണം.നഗരത്തില്‍ താമസിക്കുന്ന ഉപഭോക്താക്കളാണ് സിലിണ്ടര്‍ ലഭിക്കാത്തതുമൂലം ഏറെ കഷ്ടപ്പെടുന്നത്. അടുപ്പില്ലാത്ത വീടുകളിലും വാടകയ്ക്ക് താമസിക്കുന്നവരുമാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.അടിമാലി,രാജാക്കാട്,മൂന്നാര്‍,ദേവികുളം പ്രദേശങ്ങളിലും നേരത്തെ തന്നെ സിലിണ്ടര്‍ ക്ഷാമം രൂക്ഷമായിരുന്നു. ഇവിടങ്ങളില്‍ കരിഞ്ചന്ത ലോബിയുടെ ഇടപെടല്‍ മൂലം നേരത്തെ സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.
ഹോട്ടലുകാര്‍ക്കും റിസോര്‍ട്ടുകാര്‍ക്കും ഏജന്‍സികള്‍ സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നതാണ് സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ വരുന്നത് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് വരുന്ന ലോഡുകള്‍ ഹോട്ടലുകാര്‍ക്കും മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള റിസോര്‍ട്ടുകള്‍ക്കും ഏജന്‍സി അധികൃതര്‍ നല്‍കുന്നതാണ് സിലിണ്ടറുകള്‍ ലഭിക്കാത്തതിന് കാരണമെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഹൈറേഞ്ച് മേഖലയിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.സപ്ലൈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തുന്നത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ പരാതി നല്‍കിയാലും ഏജന്‍സികളെ രക്ഷിക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it