kannur local

ജില്ലയില്‍ പലയിടത്തും ലീഗില്‍ പൊട്ടിത്തെറി

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ പലയിടത്തും വിമതശല്യം ഉണ്ടായിരുന്നെങ്കിലും ഫലപ്രഖ്യാപനവും പ്രസി ഡന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞതോടെ മുസ്‌ലിം ലീഗില്‍ പലയിടത്തും പൊട്ടിത്തെറിയുടെ വക്കില്‍. ഇരിക്കൂര്‍, മാടായി, കൊളച്ചേരി പഞ്ചായത്തുകളിലും ഇരിട്ടി, പാനൂര്‍, തളിപ്പറമ്പ് നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലെ എളയാവൂര്‍ നോര്‍ത്തിലുമാണ് അപസ്വരങ്ങള്‍ രൂക്ഷമായത്. നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ തെരുവിലെത്തിയിരിക്കുകയാണ്.
തളിപ്പറമ്പിലും ഇരിട്ടിയിലും പരസ്പരം പോരടിച്ചവര്‍ വീടാക്രമണത്തിലും അസഭ്യവര്‍ഷത്തിലും വരെയെത്തി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പലയിടത്തും രൂക്ഷമായ അഭിപ്രായഭിന്നത നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്.

ഇരിട്ടിയില്‍ വിവാദങ്ങള്‍ക്ക് അറുതിയായില്ല

ഇരിട്ടി: നഗരസഭാ ഭരണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഉളിയില്‍ മേഖലയില്‍നിന്നു വിജയിച്ച മൂന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതും എല്‍ഡിഎഫിന് ഭരണം ലഭിച്ചതുമാണ് വിവാദത്തിനു കാരണം. യുഡിഎഫില്‍ നേരത്തേയുള്ള കരാര്‍പ്രകാരം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉളിയില്‍, കല്ലേരിക്കല്‍, നരയമ്പാറ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത്. പി ശരീഫ, എം പി അബ്ദുര്‍റഹ്മാന്‍, ഇ കെ മറിയം ടീച്ചര്‍ എന്നിവര്‍ പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.
ലീഗിനു ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ നേരത്തേ പാര്‍ട്ടിയുടെ അച്ചടക്ക നടപടി നേരിട്ട അബ്ദുര്‍റഹ്മാന്‍ ചെയര്‍മാനാവുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസിനു നല്‍കിയതെന്നാണു ഉളിയില്‍ മേഖലയിലെ പ്രവര്‍ത്തകരുടെ പരാതി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉളിയില്‍ ശാഖാ കമ്മിറ്റി പിരിച്ചുവിടാനും പ്രാദേശിക നേതാക്കളായ കെ പി ഹംസ മാസ്റ്റര്‍, കെ മാമുഞ്ഞി, വി എം ഖാലിദ്, കൗണ്‍സിലര്‍മാരായ എം പി അബ്ദുര്‍റഹ്മാന്‍ എന്നിവരെ പുറത്താക്കാനും മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ അബ്ദുര്‍റഹ്മാന്‍ ഒഴികെയുള്ളവരെ പ്രതിസന്ധി ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവന്ന് ഭരണം പിടിക്കണമെന്ന വികാരവും ഒരുവിഭാഗത്തിനുണ്ട്.
പ്രാദേശിക ഘടകത്തിന്റെ വികാരത്തോടൊപ്പമാണ് തങ്ങള്‍ നിന്നതെന്നും മേല്‍ഘടകം ഏകപക്ഷീയ തീരുമാനങ്ങളാണ് എടുത്തതെന്നുമാണ് നടപടിക്ക് വിധേയരായവരുടെ പരാതി. പാര്‍ട്ടി നിലപാട് ലംഘിച്ച് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന എം പി അബ്ദുര്‍റഹ്മാനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഇരിട്ടി, പുന്നാട് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

കൊളച്ചേരിയില്‍ പ്രതിസന്ധി; പാര്‍ട്ടി വിടുമെന്നും ഭീഷണി

കൊളച്ചേരി: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കൊളച്ചേരി ലീഗില്‍ പൊട്ടിത്തെറിയും പാര്‍ട്ടി വിടുമെന്നു ഭീഷണിയും. പന്ന്യങ്കണ്ടി, കമ്പില്‍, പാമ്പുരുത്തി വാര്‍ഡുകളിലാണ് അമര്‍ഷം രൂക്ഷമായത്. പ്രസിഡന്റ് സ്ഥാനം നല്‍കുമെന്നു പറഞ്ഞ് പലരെയും സ്ഥാനാര്‍ഥികളാക്കുകയും ഒടുവില്‍ വഞ്ചിക്കുകയും ചെയ്‌തെന്നാരോപിച്ച് പന്ന്യങ്കണ്ടിയില്‍ ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി. നേതൃത്വത്തിന്റെ കാലുമാറ്റത്തില്‍ പ്രതിഷേധിച്ച് 150ഓളം പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും സിപിഎമ്മിലേക്ക് പോവുമെന്നും ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ യുഡിഎഫ് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടായ പഞ്ചായത്തില്‍ ഇതോടെ ലീഗിലും അഭിപ്രായഭിന്നത പാരമ്യതയിലെത്തി. നൂഞ്ഞേരി വാര്‍ഡില്‍നിന്നു ജയിച്ച ലീഗിലെ കെ സി പി ഫൗസിയയെയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാല്‍ പന്ന്യങ്കണ്ടി വാര്‍ഡില്‍നിന്നുള്ള കെ എം പി സറീനയെ പ്രസിഡന്റാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാലാംപീടിക, പന്ന്യങ്കണ്ടി ഭാഗങ്ങളിലെ ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇതിനിടെ, പാമ്പുരുത്തി വാര്‍ഡില്‍നിന്നു ജയിച്ച കെ പി താഹിറയ്ക്കു സ്ഥാനം നല്‍കാത്തതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. നിലവില്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സനായിരുന്ന താഹിറയെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് പ്രസിഡന്റ് പദവി നല്‍കാമെന്നു പറഞ്ഞാണെന്നും എന്നാല്‍ കൈയൊഴിയുകയായിരുന്നുവെന്നും ശാഖാ ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മണല്‍ക്കടത്ത് വിഷയത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതൃത്വവും കൈക്കൊണ്ട നടപടിക്കെതിരേ പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും ആക്ഷേപമുണ്ട്. അതിനാല്‍ താഹിറയെ മാറ്റിനിര്‍ത്താന്‍ മറ്റു വാര്‍ഡുകളിലെ മണല്‍ക്കടത്തുകാര്‍ നീക്കം നടത്തിയെന്നാണ് ഇവരുടെ ആക്ഷേപം. അതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മൂന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതും ചര്‍ച്ചയായിട്ടുണ്ട്. ലീഗിലെ സറീനയും കോണ്‍ഗ്രസിലെ നബീസയും ഷറഫുന്നിസയുമാണ് വിട്ടുനിന്നത്.

മാടായി പഞ്ചായത്തിലും പ്രതിഷേധസ്വരം

പഴയങ്ങാടി: മുസ്‌ലിം ലീഗിന്റെ ശക്തിപ്രദേശമായ മാടായി പഞ്ചായത്തിലും പ്രതിഷേധസ്വരം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയയാളെ അവസാന നിമിഷം മാറ്റിനിര്‍ത്തി എസ് കെ ആബിദയെ പ്രസിഡന്റാക്കിയതിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായി. ഇതില്‍ പ്രതിഷേധിച്ച് എ സുഹറാബി കഴിഞ്ഞ ദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.
നേരത്തെ മാടായി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ സുഹറാബിയെ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ ലീഗ് പ്രചാരണം നടത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ലീഗ് നേതൃത്വം കാലുമാറി. സുഹറാബിക്ക് പകരം മുട്ടത്തെ എസ് കെ ആബിദയെ പ്രസിഡന്റാക്കുകയായിരുന്നു. ഇതോടെ എ സുഹറാബി പഞ്ചായത്ത് കമ്മിറ്റിക്ക് രാജിക്കത്തും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ലീഗിലെ രണ്ടു പ്രമുഖര്‍ തോറ്റതോടെ പാര്‍ട്ടിയി ല്‍ ഭിന്നത ഉടലെടുത്തിരുന്നു.

വാരത്ത് രണ്ടുപേര്‍ക്ക് നോട്ടീസ്

കണ്ണൂര്‍: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളയാവൂര്‍ നോര്‍ത്ത് ഡിവിഷനില്‍ തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു മൂന്നുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാ യി യൂത്ത് ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഫൈസല്‍ വള്ളുവക്കണ്ടി, പി പി ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണു നോട്ടീസ് അയച്ചത്. വാരം ടൗണ്‍ യൂത്ത് ലീഗിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധം പത്രവാര്‍ത്തകള്‍ നല്‍കി അച്ചടക്കം ലംഘിച്ചതിനാണു നടപടി.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം

കണ്ണൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീറിനും മറ്റു മുസ്‌ലിം ലീഗ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും കോര്‍പറേഷന്‍ ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി എ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ പി താഹിര്‍, ജില്ലാ ഖജാഞ്ചി വി പി വമ്പന്‍, വൈസ് പ്രസിഡന്റ് പി വി സൈനുദ്ദീന്‍, സെക്രട്ടറി ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, അഷ്‌റഫ് ബംഗാളി മുഹല്ല, കെ വി ഹാരിസ്, എം പി മുഹമ്മദലി, എം പി എ റഹീം, ടി പി വി കാസിം, മുസ്‌ലിഹ് മടത്തില്‍, ടി കെ ഹുസയ്ന്‍, ടി കെ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it