kasaragod local

ജില്ലയില്‍ പരക്കെ ആക്രമണം; മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ

കാസര്‍കോട്/കാഞ്ഞങ്ങാട്ട്: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെതുടര്‍ന്ന് ജില്ലയിലെങ്ങും യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സംഘര്‍ഷം. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പോലിസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസ് മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തെതുടര്‍ന്ന് ബസ് സര്‍വീസ് നിലച്ചത് നഗരത്തിലെത്തിയവരെ ദൂരിതത്തിലാക്കി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു. ഉച്ചയ്ക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാനഗര്‍ കോളജിന് മുന്‍വശം ആഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് അനുനയിപ്പിക്കുന്നതിനിടയില്‍ നേരിയ സംഘര്‍ഷമുണ്ടായി. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്ന മീഡിയ വണ്‍ ചാനല്‍ കാമറാമാന്‍ രാജേഷ് ഓട്ടമലയെ ഒരു സംഘം കൈയേറ്റം ചെയ്യുകയും കാമറ അടിച്ചു തകര്‍ക്കുകയും ചെയ്തു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ലീഗ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തമ്മില്‍ കല്ലേറ് ഉണ്ടായി വാഹനങ്ങള്‍ക്ക് നേരേയും കല്ലേറുണ്ടായി. പോലിസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷത്തിന് അയവ് വന്നു. സംഘര്‍ഷത്തില്‍ എആര്‍ ക്യാംപിലെ പോലിസുകാരായ പ്രജിത്ത് (39), രജിത്ത് (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിനിടെ ബൈക്ക് റൈസ് നടത്തിയവര്‍ കറന്തക്കാട് ഓട്ടോസ്റ്റാന്റിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അതുവഴി പോയ വാഹനങ്ങള്‍ തടയുകയും കല്ലേറ് നടത്തുകയും ചെയ്തു. വാഹനങ്ങള്‍ക്ക് കേടുപറ്റി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. താളിപ്പടുപ്പില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് വാഹനങ്ങള്‍ തടഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിക്കിടയാക്കി. കല്ലേറ് നടന്നതിനെ തുടര്‍ന്ന് സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി. ബങ്കരക്കുന്നിലെ ജംഷിയും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാറിന് നേരേ താളിപ്പടുപ്പില്‍ വച്ച് കല്ലേറുണ്ടായി. മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു.
ആരിക്കാടിയില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്നു ഇവര്‍. കൂഡ്‌ലു ജങ്ഷനില്‍ വച്ച് കര്‍ണാടക മുഡബിദ്രിയിലെ മുഹമ്മദ് സഫ്‌വാനും കുടുംബവും സഞ്ചരിച്ച റിട്‌സ് കാറിന് നേരേ ഒരു സംഘം കല്ലെറിയുകയും കാര്‍ നിര്‍ത്തി സഫ്‌വാന്റെ ഭാര്യയെ കാറില്‍ നിന്ന് വലിച്ചിറക്കി മുടിക്ക് പിടിച്ച് വലിക്കുകയും ചെയ്തു. ബഹളം വച്ചതോടെ ആക്രമികള്‍ പിന്‍വലിഞ്ഞു. ഇതുവഴി പോയരുടെ നിരവധി ബൈക്കുകള്‍ പേര് ചോദിച്ച് തകര്‍ക്കുകയും കാറുകള്‍ക്ക് നേരേ കല്ലെറിയുകയും ചെയ്തു. പോലിസ് സ്ഥലത്തെത്താന്‍ വൈകിയതിനാല്‍ ആക്രമികള്‍ പല സ്ഥലങ്ങളിലും അഴിഞ്ഞാടി.
Next Story

RELATED STORIES

Share it