Pathanamthitta local

ജില്ലയില്‍ പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പിന്റെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇഴയുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കു മൂലം തുടര്‍നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ നടപ്പാക്കേണ്ട പദ്ധതിയാണ് ആരംഭിക്കാന്‍ കഴിയാതെ നീണ്ടുപോയത്.
ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതും പ്രവര്‍ത്തനത്തിന് തടസ്സമായി. ഇതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നു പിടിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി തുടങ്ങി. ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍, ഈഡിസ് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്പത്തനംതിട്ട നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധന ഉണ്ടായതോടെ ജില്ലാ ആസ്ഥാനത്തെ അതീവജാഗ്രതാ മേഖലയായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. ആഴ്ച്ചകള്‍ക്കുള്ളില്‍ 15 ഓളം ഡെങ്കിപ്പനിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാത്രം സ്ഥിരീകരിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഡെങ്കിപ്പനികള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ജില്ലാ ആസ്ഥാനത്ത് അടുത്ത കാലത്ത് ആദ്യമായാണ് ഇത്രയധികം ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.
നിരവധിയാളുകള്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ രോഗ വാഹകരായ ഈഡിസ് ഈജിപ്റ്റി എന്ന കൊതുകിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ കാര്യാലയത്തിന് സമീപം, മാര്‍ക്കറ്റ്, ശ്മശാനം, തിരുവിതാംകൂര്‍ ദേവസ്വം ഓഫിസിന് സമീപം, അബാന്‍ ജങ്ഷന്‍ , സമീപ പഞ്ചായത്തായ പ്രമാടം, ഓമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വാഹകരായ കൊതുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ആരോഗ്യവകുപ്പിന്റെ പരിചരണത്തിലാണ്. ഡെങ്കിക്ക് പിന്നാലെ, മഞ്ഞപ്പിത്തം, എലിപ്പനി, ചെള്ളുപനി, മന്ത്, മലേറിയ, വയറിളക്ക രോഗങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂന്ന് വര്‍ഷം മുമ്പാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്.
ഒരാളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചാല്‍ അതിന്റെ രോഗാണുകള്‍ ഒരുലക്ഷത്തോളം കൊതുകളില്‍ ഉണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പന്റെ നിഗമനം. 2011ല്‍ 15 പേര്‍ക്ക് മാത്രം സ്ഥിതീകരിച്ച ഡെങ്കിപ്പനി 2012ല്‍ 145 ഉം 2013ല്‍ 481 ഉം 2014ല്‍ 501 ഉം 2015 ല്‍ 719 ഉം ആയി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഏഴ് മരണങ്ങളും സംഭവിച്ചിരുന്നു.
ശുചീകരണ പ്രവര്‍ത്തനവുമായി പത്തനംതിട്ട നഗരസഭ
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും.
ഇന്നലെ നഗരസഭാ ചെയര്‍പേഴ്‌സണന്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
മാര്‍ക്കറ്റിനു സമീപം അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ചെയര്‍പേഴ്‌സണ്‍, വിവിധ സ്റ്റാളുകളില്‍ പരിശോധന നടത്തി. മഴ പെയ്തുകഴിഞ്ഞാല്‍, മാര്‍ക്കറ്റില്‍ വെള്ളക്കെട്ടുണ്ടാവുന്നതും തെരുവുവിളക്കുകള്‍ കത്താത്തതുമടക്കമുള്ള പ്രശ്‌നങ്ങള്‍ കച്ചവടക്കാര്‍ നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.
മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ തടയാന്‍ 32 വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ശുചീകരണം നടത്താനാണ് തീരുമാനം. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
കിണറുകളുടെ ക്ലോറിനേഷന്‍, ഓടകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ഇതിന്റെ ഭാഗമായി നടത്തും. ഇതിനു പുറമേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
Next Story

RELATED STORIES

Share it