Idukki local

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിബാധിതരുടെ എണ്ണം 4,081 പിന്നിട്ടു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ ഇന്നലെ വരെ 4,081 പേര്‍ പനിക്ക് ചികില്‍സ തേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. സ്വകാര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണം ഇതിലധികമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. ജില്ലയില്‍ ഇന്നലെ വരെ 64 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചു. തൊടുപുഴയും പരിസര പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത്.
നാലുപേര്‍ക്ക് എലിപ്പനി, 62 പേര്‍ക്ക് ചിക്കന്‍പോക്‌സ്,14 പേര്‍ക്ക് മഞ്ഞപ്പിത്തം, 20 പേര്‍ക്ക് ടൈഫോയിഡ് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പ് പുറത്തു വിടുന്ന കണക്കുകള്‍. ജില്ലയിലെ വിവിധ ആശുപത്രികളിലായി 203 പേര്‍ പനി ബാധിച്ച് ചികില്‍സയിലാണ്. കടുത്ത ശശീര വേദന,പേശി വേദന,ഛര്‍ദ്ദി,തലചുറ്റല്‍, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരാണ് അധികവും. ഡെങ്കിപ്പനി തൊടുപുഴ മേഖലയിലെ വണ്ണപ്പുറത്തും കോടിക്കുളത്തുമാണ് സ്ഥിരീകരിച്ചത്.
കഞ്ഞിക്കുഴി,കുമാരമംഗലം,പഞ്ചായത്തുകളിലും അടിമാലി ദേവിയാര്‍ കോളനിയിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേര്‍ ചികില്‍സ തേടി. കുമാരമംഗലത്ത് ആറ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ചിട്ട് വീണ്ടും വന്നാല്‍ അടിയന്തര ചികിത്സ നടത്തിയില്ലെങ്കില്‍ മരണ കാരണമാവാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും രണ്ടും മൂന്നും ഡെങ്കി ബാധിത കേസുകള്‍ ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തര അവലോകന യോഗം ചേര്‍ന്ന് കൊതുകുകളുടെ ഉറവിട നശീകരണം അടക്കമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തിരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍,ആശ പ്രവര്‍ത്തകര്‍,മുനിസിപ്പല്‍ ജീവനക്കാര്‍,ആരോഗ്യവകുപ്പ് ജിവനക്കാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ബോധവല്‍ക്കരണം് സംഘടിപ്പിക്കുന്നത്.
ബോധവല്‍ക്കരണത്തിനു ശേഷം ഇവരുടെയും പാലിയേറ്റിവ് യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. നാല് ദിവസം കൊണ്ട് രോഗബാധിത മേഖലയില്‍ ഊര്‍ജിത ബോധവല്‍ക്കരണവും കൊതുക് നശീകരണവും നടത്താനാണ് ആലോചന. എലിപ്പനി ലക്ഷണങ്ങള്‍ കുടുതല്‍ കണ്ടുവരുന്നത് മഴക്കാലത്താണ്. കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കാന്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണം. വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. അതിനാല്‍ ജനങ്ങള്‍ പരിസര ശുചീകരണത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it