Kottayam Local

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടേറുന്നു

കോട്ടയം: പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ തിരഞ്ഞെടുപ്പു പ്രചാരണം രംഗം ചൂടേറുന്നു. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളും കോളനികളും സന്ദര്‍ശിച്ച പ്രചാരണം പൂര്‍ത്തിയാക്കി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള വാഹന പര്യടനത്തിലാണ് മിക്ക സ്ഥാനാര്‍ഥികളും.
പ്രചാരണം കൊഴുപ്പിക്കാനായി സംസ്ഥാന നേതാക്കള്‍ക്കു പുറമെ ദേശീയ നേതാക്കളും ജില്ലയില്‍ എത്തിത്തുടങ്ങി.
ഇതിനിടെ വിജയം മാത്രം ലക്ഷ്യമിട്ട കണക്കെടുപ്പുമായി മുന്നണികളില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്.
ജില്ലയില്‍ പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, പാലാ മണ്ഡലങ്ങളിലാണ് മുന്നണികള്‍ ഒരുപോലെ ശ്രദ്ധിക്കുന്നത്. പൂഞ്ഞാറില്‍ മൂന്നു മുന്നണികളും പി സി ജോര്‍ജിന്റെ നേതൃത്വത്തിലും ബൂത്തു തിരിച്ചു ലഭിക്കാനുള്ള വോട്ടുകളുടെ കണക്കുകള്‍ ശേഖരിക്കുകയാണ്.
ഉറപ്പുള്ള വോട്ടുകള്‍, എതിര്‍ സ്ഥാനാര്‍ഥികള്‍ക്കു പോവുന്ന വോട്ടുകള്‍, ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകള്‍ എന്നിങ്ങനെയാണു കണക്കു ശേഖരണം. വാശിയേറിയ പോരാട്ടം നടക്കുന്ന ചങ്ങനാശ്ശേരി, പാലാ മണ്ഡലത്തിലും കണക്കെടുപ്പുകള്‍ സജീവമാണ്. കണക്കുകൂട്ടലുകളുടെ ഭാഗമായി എല്ലാ പാര്‍ട്ടികളും ജില്ലാ അടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങളും ചേരുന്നുണ്ട്.
ഇതുവരെയുള്ള പാര്‍ട്ടിയുടെ നിരീക്ഷണം ചര്‍ച്ച ചെയ്യുന്നതിനൊപ്പം അവസാന റൗണ്ടില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് യോഗങ്ങളില്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.
യുഡിഎഫ് ക്യാംപിനെ സജീവമാക്കാന്‍ ദേശീയ സംസ്ഥാന നേതാക്കള്‍ ഇന്നു മുതല്‍ എത്തിത്തുടങ്ങും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. എ കെ ആന്റണി 10നു ജില്ലയിലെ മണ്ഡലങ്ങളില്‍ സംസാരിക്കും. എല്‍ഡിഎഫിനുവേണ്ടി വി എസ് അച്യൂതാനന്ദന്‍, പ്രകാശ് കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ജില്ലയില്‍ പര്യടനം നടത്തിയിരുന്നു.
എന്‍ഡിഎയ്ക്കുവേണ്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമലയില്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. ആഭ്യരമന്ത്രി രാജ്‌നാഥ് സിങ് ഏഴിന് ഏറ്റുമാനൂരില്‍ എത്തും.
Next Story

RELATED STORIES

Share it