Pathanamthitta local

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ചികില്‍സ തേടിയത് അരലക്ഷം പേര്‍

പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു പിടിക്കുന്നു. കഴിഞ്ഞമാസം അവസാനം വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡെങ്കിപ്പനിക്ക് ചികില്‍സ തേടിയത് അരലക്ഷത്തോളം പേരാണ്. എന്നാല്‍ ഇതിനെതിരേ ജില്ലാ ആരോഗ്യ വിഭാഗം നടത്തുന്ന പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ചപ്പനിക്കെതിരേ ബോധവല്‍ക്കരണം നടത്താന്‍ ഇതുവരെയായിട്ടും ആരോഗ്യ വിഭാഗം തയ്യാറായിട്ടില്ല.
ജില്ലയില്‍ പകര്‍ച്ചപ്പനി റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ഏറെയും അടൂര്‍ ഏനാദിമംഗലം, കോഴഞ്ചേരി, മല്ലപ്പള്ളി, സീതത്തോട് കോന്നി മേഖലകളിലാണ്, തോട്ടമേഖലകളിലാണ് ഏറെയും ഡെങ്കിപ്പനി പടര്‍ന്നു പിടക്കുന്നത്. സമീപ ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ ഡെങ്കിപ്പനി കാര്യമായി ഉയരുന്നു. ജില്ലയില്‍ ഈ വര്‍ഷം നവംബര്‍ വരെ 186 പേര്‍ക്കാണ് ഡങ്കു ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിലുള്ളത്. അതേ സമയം അയല്‍ ജില്ലകളായ ഇടുക്കിയില്‍ ഇതേ സമയത്ത് 126 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. കോട്ടയത്ത് 84, ആലപ്പുഴയില്‍ 143 എന്നിങ്ങനെയാണ് കേസുകള്‍. ഡെങ്കിക്കൊപ്പം വൈറല്‍പനിയും കാര്യമായി പടരുന്നുണ്ട്.
സന്ധികളില്‍ വേദന, പേശികള്‍ക്ക് തളര്‍ച്ച എന്നിവയോടെയാണ് ഇത് വരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പനി വന്നവര്‍ രോഗബാധയ്ക്ക് ശേഷം അവശരാവുന്നു. ചിക്കുന്‍ഗുനിയയ്ക്ക് സമാനമായ അവസ്ഥയാണിത്.
ജോലി ചെയ്യാനും മറ്റും മാസങ്ങള്‍ കഴിയണം. ഇത് ഇതേ വരെ പഠനവിധേയമാക്കിയിട്ടില്ല.പനി ബാധിതരുടെ എണ്ണം 11 മാസത്തെ കണക്ക് പ്രകാരം 74886 ആണ്. ഡെങ്കി, എലിപ്പനി ഒഴികെയുള്ള എല്ലാ പനിയും ഈ കണക്കില്‍ വരും. എലിപ്പനി 49 പേരിലാണ് കണ്ടത്. ഒരാള്‍ മരിക്കുകയും ചെയ്തു. മലേറിയ 17 പേരെ ബാധിച്ചു. ഹെപ്പറ്ററ്റിസ് എ 45, ഹെപ്പറ്ററ്റിസ് ബി 67 എന്നിങ്ങനെയാണ് രോഗബാധ. ജില്ലയിലെ ഹെപ്പറ്ററ്റിസ് ബാധ പഠനവിധേയമാക്കും എന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എത്തി പഠനം നടത്തും എന്നാണ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്. കൊടുമണ്‍ മേഖലയില്‍ ഡെങ്കിബാധ കാര്യമായി കാണുന്നുണ്ട്. ടാപ്പിങ് നിലച്ച തോട്ടങ്ങളില്‍ കൊതുക് പെരുകുന്നുണ്ട്.
ചിരട്ട കമിഴ്ത്തി വയ്ക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. കൈതകൃഷി ചെയ്ത മേഖലകളിലും ഇതേ പ്രശ്‌നം ഉണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഡ്രൈഡേ ആചരണം കൃത്യമായി നടക്കാഞ്ഞത് പനി വ്യാപകമാവാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങളും കഴിഞ്ഞ രണ്ട് മാസം കാര്യമായി പ്രവര്‍ത്തിച്ചില്ല. പഞ്ചായത്തുകള്‍ ഈ വിഷയങ്ങളില്‍ ശ്രദ്ധിച്ചു തുടങ്ങണം.
വാര്‍ഡൊന്നിന് പതിനായിരം രൂപ പ്രകാരം ശുചിത്വ മിഷന്‍ അനുവദിച്ചത്,പഞ്ചായത്തംഗത്തിന്റെയും മെഡിക്കല്‍ ഓഫിസറുടെയും അകൗണ്ടില്‍ കിടക്കുന്നു. പലയിടത്തും ഇത് ഉപയോഗിച്ചിട്ടില്ല.
Next Story

RELATED STORIES

Share it