Pathanamthitta local

ജില്ലയില്‍ ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്

പത്തനംതിട്ട: യുഡിഎഫിന്റെ അവകാശവാദങ്ങളെ പൂര്‍ണമായി തകര്‍ത്തെറിഞ്ഞ്, ആധികാരിക വിജയത്തോടെ ജില്ലയില്‍ ഇടതുമുന്നണി മേധാവിത്വം സ്ഥാപിച്ചു. ശക്തമായ പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ച മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചപ്പോള്‍, ബിജെപിയുടെ അട്ടിമറി സ്വപ്‌നങ്ങള്‍ അസ്ഥാനത്തായി.
അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറാണ് ജില്ലയില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയത്. യുഡിഎഫിലെ കെ കെ ഷാജുവിനെ 25460 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി പി സുധീറിന് 25940 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. ബിഡിജെഎസിന്റെ സാന്നിധ്യം ശക്തമായ ഭീഷണി ആവുമെന്ന നിരീക്ഷണങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു രാജു ഏബ്രഹാമിന്റെ റാന്നിയിലെ വിജയം. യുഡിഎഫിലെ മറിയാമ്മ ചെറിയാനേക്കാള്‍, 14596 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജു അഞ്ചാം തവണയും നിയമസഭയില്‍ ഇരിപ്പിടം ഉറപ്പിച്ചപ്പോള്‍, അത്ഭുതം സൃഷ്ടിക്കുമെന്ന് എന്‍ഡിഎ നേതൃത്വം അവകാശപ്പെട്ട കെ പദ്മകുമാറിന്റെ നേട്ടം 28201 വോട്ടുകളില്‍ ഒതുങ്ങി. അവസാന റൗണ്ടില്‍ വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ വിജയം തികച്ചും ഏകപക്ഷീയമായിരുന്നു.
ഒരുഘട്ടത്തില്‍ പോലും യുഡിഎഫിലെ കെ ശിവദാസന്‍നായര്‍ക്ക് വ്യക്തമായ ലീഡിലേക്ക് വരാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പില്‍ 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ കന്നിയങ്കം നേടിയത്. എന്‍ഡിഎയുടെ എം ടി രമേശ് 37906 വോട്ടുകള്‍ നേടി. തിരുവല്ലയില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ മാത്യു ടി തോമസ് 8242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിലെ ജോസഫ് എം പുതുശ്ശേരിയെ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന് 31439 വോട്ടുകള്‍ ലഭിച്ചു.
ജില്ലിയില്‍ അഞ്ഞടിച്ച ഇടതുതരംഗത്തിനിടയിലും വ്യക്തമായ മേധാവിത്വത്തോടെയാണ് കോന്നിയില്‍ അടൂര്‍ പ്രകാശ് യുഡിഎഫിന് ആശ്വാസ വിയം സമ്മാനിച്ചത്. എല്‍ഡിഎഫിലെ ആര്‍ സനല്‍കുമാറിനേക്കാള്‍ 20471 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിനു ലഭിച്ചു. ജില്ലയിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമാണിത്. എന്‍ഡിഎയുടെ ഡി അശോക് കുമാറിന്റെ പോരാട്ടം 16659 വോട്ടുകളില്‍ ഒതുങ്ങി.
എസ്ഡിപിഐ-എസ്പി സഖ്യത്തിലെ ഡോ. ഫൗസീന തകബീര്‍ റാന്നിയില്‍ 862 വോട്ടുകള്‍ നേടിയപ്പോള്‍ അടൂരില്‍ ജ്യോതിഷ് പെരുമ്പുളിക്കല്‍ 673 വോട്ടുകളും റാന്നിയില്‍ അഡ്വ. സിമി എം ജേക്കബ് 444 വോട്ടുകളും നേടി. കോന്നിയില്‍ റിയാഷ് കുമ്മണ്ണൂരിന് 401 വോട്ടുകളും ആറന്മുളയില്‍ ശ്രീകാന്ത് എം വള്ളാക്കോടിന് 252 വോട്ടുകളും ലഭിച്ചു.
Next Story

RELATED STORIES

Share it