Idukki local

ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും

തൊടുപുഴ: ജില്ലയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 15664 കേസുകള്‍. കൊലപാതകം, കൊലപാതക ശ്രമം,തട്ടിക്കൊണ്ടുപോകല്‍,കവര്‍ച്ച, സ്ത്രീപീഡനം തുടങ്ങിയവയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ധന ഉണ്ടായി.2014ല്‍ 380 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം നവംബര്‍ ആയപ്പോഴേക്കും കേസുകളുടെ എണ്ണം 425ലെത്തി. ഇതില്‍ 90എണ്ണം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമമാണ്. എന്നാല്‍, അതിക്രമം വര്‍ധിച്ചതുകൊണ്ടല്ല, കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ട് കൂടിയാണ് കണക്കുകളില്‍ വര്‍ധന വരുന്നതെന്ന് ജില്ലാ ശിശുക്ഷേമ സമിതി അധികൃതര്‍ വിശദീകരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കുറവില്ല.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം മദ്യം, മയക്കുമരുന്ന് ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജില്ലയില്‍ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടില്ലെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അധികൃതര്‍ വിശദീകരിക്കുന്നു.എന്നാല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ട് കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. കൊലപാതകം, കവര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് കേസുകളെല്ലാം തെളിയിക്കാന്‍ കഴിഞ്ഞതായി ജില്ലാ പോലിസ് അധികൃതര്‍ പറയുന്നു.
നവംബര്‍ വരെ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 15 കൊലപാതകങ്ങളാണ്. ഇതില്‍ 14 കേസുകളിലും പ്രതികളെ പിടികൂടി.എട്ട് കവര്‍ച്ചാ കേസുകളില്‍ എല്ലാ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞു. വീട് തകര്‍ത്തുള്ള 116 മോഷണങ്ങളും 104 സാധാരണ മോഷണങ്ങളുമുണ്ടായി.പണമിടപാടുമായി ബന്ധപ്പെട്ട വഞ്ചനാ കേസുകള്‍ ജില്ലയില്‍ കൂടി.ഇത്തരം 179 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചനക്ക് എട്ടും ദേഹോപദ്രവത്തിന് 1066 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബലാ ത്സംഗ കേസുകള്‍ 73ഉം മാനഭംഗകേസുകള്‍ 161ഉം ഗാര്‍ഹിക പീഡനകേസുകള്‍ 78ഉം രജിസ്റ്റര്‍ ചെയ്തു.കഞ്ചാവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്. 198 കേസുകളാണ് 11 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം 42 കേസുകള്‍ മാത്രമായിരുന്നു.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടികജാതിക്കാര്‍ക്ക് നേരെയുള ആക്രമം 46 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 22 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കാനായത്.
Next Story

RELATED STORIES

Share it