thiruvananthapuram local

ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം; 451 പ്രശ്‌നസാധ്യതാ ബൂത്തുകള്‍

തിരുവനന്തപുരം: ജില്ലയിലെ സമ്മതിദാനാവകാശമുള്ള ഓരോ വോട്ടറും പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍. ജില്ലയില്‍ ആകെ 26,99,984 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 12,76,346 പുരുഷവോട്ടര്‍മാരും 14,23,638 സ്ത്രീവോട്ടര്‍മാരുമാണുള്ളത്. ആകെ 12,365 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 8,701 പേര്‍ പുരുഷന്‍മാരും 3,664 പേര്‍ സ്ത്രീകളുമാണ്. 54,807 പേരാണ് ജില്ലയില്‍ പുതുതായി പേര് ചേര്‍ത്ത വോട്ടര്‍മാര്‍.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിച്ച തിരഞ്ഞെടുപ്പായതിനാല്‍ നൂറു ശതമാനം വോട്ടിങ് ലക്ഷ്യമാക്കിയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രചാരണ കാലയളവില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവാതെ അവസാനഘട്ടം വരെ എത്തിക്കുന്നതില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും പോലിസിന്റെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. ജില്ലയിലാകെ 2,203 ബൂത്തുകളാണുള്ളത്.
451 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ ഉള്‍പ്പെടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതില്‍ 335 സെന്‍സിറ്റീവ് പോളിങ് സ്‌റ്റേഷനുകളാണുള്ളത് (സിറ്റി: 59, റൂറല്‍: 276). റൂറല്‍ മേഖലയില്‍ മാത്രമാണ് ക്രിട്ടിക്കല്‍ പോളിങ് സ്‌റ്റേഷനുകളുള്ളത്- 61 എണ്ണം. ഒപ്പം 55 വള്‍ണറബിള്‍ പോളിങ് സ്‌റ്റേഷനുകളുമുണ്ട് (സിറ്റി: 36, റൂറല്‍: 19). ഈ ബൂത്തുകളില്‍ വെബ്കാസ്റ്റിങ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നീ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1750ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അനുബന്ധ ബൂത്തുകള്‍ സജ്ജീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം ജില്ലയില്‍ 14 അനുബന്ധ ബൂത്തുകള്‍ കൂടി തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ചുമതലകള്‍ക്കായി 9,692 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇവര്‍ക്കായി രണ്ടുഘട്ട പരിശീലനം എല്ലാ മണ്ഡലങ്ങളിലും പൂര്‍ത്തിയായി. മുന്‍വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി നൂതനസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇത്തവണ കഴിഞ്ഞതായി കലക്ടര്‍ പറഞ്ഞു. അന്ധര്‍ക്ക് വോട്ടു ചെയ്യാന്‍ ബ്രെയില്‍ ബാലറ്റ് എല്ലാ ബൂത്തുകളിലും ഒരുക്കിയതാണ് ഒരു സവിശേഷത. ഭിന്നലിംഗക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിച്ച ഇത്തവണ ജില്ലയില്‍ 70ഓളം പേര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി വിതരണകേന്ദ്രങ്ങളില്‍ അവര്‍ രാവിലെ 10ന് എത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യമായി പോളിങ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വനിതകളായ 32 വനിതാ സൗഹൃദ പോളിങ് സ്‌റ്റേഷനുകളും 70 മാതൃകാ പോളിങ് സ്‌റ്റേഷനുകളും ഇത്തവണയുണ്ട്. ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ (നേമം, വട്ടിയൂര്‍ക്കാവ്) വോട്ട് ചെയ്തത് ആര്‍ക്കെന്ന് ഉറപ്പാക്കാനാവുന്ന വിവി പാറ്റ് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. വെബ്കാസ്റ്റിങ്, ഇ-സമ്മതി സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിപുലമായ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. ജില്ലയില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സംശയനിവാരണത്തിനും വിവരലഭ്യതയ്ക്കും ജില്ലയിലെ തിരഞ്ഞെടുപ്പ് ടോള്‍ഫ്രീ നമ്പര്‍: 18004250086.
Next Story

RELATED STORIES

Share it