thrissur local

ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനമെന്ന് പുകള്‍പ്പെറ്റ തൃശൂര്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ള ജില്ല കൂടിയായി മാറുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തൃശൂരില്‍ പരിശോധന നടത്തിയ 2,77,179 പേരില്‍ 4,602 പേര്‍ക്ക് മാരകരോഗം ഉണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ളത് സാങ്കേതികമായി തിരുവനന്തപുരത്താണ്. 5357 പേര്‍. എന്നാല്‍ 5,51,546 പേര്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും ആളുകള്‍ക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ പകുതിയോളം പേര്‍ പരിശോധന നടത്തിയപ്പോഴാണ് തൃശൂരില്‍ 4602 പേര്‍ക്ക് രോഗബാധിതയുള്ളതായി സ്ഥിരീകരിച്ചത്.
തൃശൂര്‍ അതിവേഗം എയ്ഡ്‌സ് കൂടുതലുള്ള ജില്ലയായി മാറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 15 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 2014ല്‍ മാത്രം 1812 പേര്‍ക്ക് മാറാവ്യാധി പിടിപ്പെട്ടിട്ടുണ്ട്. തൃശൂരിലെ എയ്ഡ്‌സ് ബാധിതരില്‍ അധിക പേരും സ്ത്രീകളും കുട്ടികളുമാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് പ്രധാനമായും രോഗബാധ സ്ഥിരീകരിച്ചത്. കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നെ തൃശൂരിന് എയ്ഡ്‌സ് ബാധിതരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുമെന്ന് തീര്‍ച്ച. ഇവിടെ സാംക്രമിക രോഗങ്ങളും മാറാവ്യാധികളും പിടിപ്പെടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
സുപ്രധാനമായ നൂറോളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാനത്തും തൃശൂരിലും എയ്ഡ്‌സ് പടരുന്നത് അവിഹിത ലൈംഗിക ബന്ധത്തിലൂടെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമ്മമാരില്‍ നിന്ന് കുട്ടികളിലേക്കും രോഗം പടരുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിലൂടെയും സ്വവര്‍ഗ രതിയിലൂടെയും രോഗം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എച്ച്‌ഐവി ടെസ്റ്റിന് തയ്യാറായവരുടെ കണക്കുകള്‍ മാത്രമാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും പുറത്തു വിടുന്നത്. എല്ലാവരിലും പരിശോധന നടത്തിയാല്‍ രോഗബാധ ഇരട്ടിയെങ്കിലുമാവുമെന്നതാണ് സത്യം. ലൈംഗിക തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, ഭിന്നലിംഗക്കാര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ എന്നിവരാണ് രോഗം പകര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഇവരില്‍ മുഴുവനായും പരിശോധന നടത്താനുള്ള സംവിധാനമൊന്നും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നതാണ് സത്യം.
അശ്രദ്ധമായ രക്ത കൈമാറ്റത്തിലൂടെയും എയ്ഡ്‌സ് രോഗം പകരാവുന്നതാണ്. തൃശൂരിലെ പ്രത്യേക സാഹചര്യം തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കും.
Next Story

RELATED STORIES

Share it