wayanad local

ജില്ലയില്‍ അടക്ക വിളവെടുപ്പു കാലം; കര്‍ഷകരെ നിരാശപ്പെടുത്തി വിലയില്‍ ചാഞ്ചാട്ടം

കല്‍പ്പറ്റ: വിളവെടുപ്പു കാലത്തെ കാലാവസ്ഥാ വ്യതിയാനം മൂലം വയനാടന്‍ വിപണികളില്‍ അടക്ക വിലയില്‍ ചാഞ്ചാട്ടം. പല ദിവസങ്ങളിലും അപ്രതീക്ഷിതമായി മഴ പെയ്യുന്നതു ചൂണ്ടിക്കാട്ടി അടക്ക വില കുറയ്ക്കുകയാണ് മൊത്തവ്യാപാരികള്‍. ഇതു കവുങ്ങ് കര്‍ഷകക്ക് വരുമാന നഷ്ടത്തിനു കാരണമായി. പൊളിച്ച അടക്ക കിലോഗ്രാമിന് ശരാശരി 87 രൂപ നിരക്കിലാണ് ഇന്നലെ മൊത്തവ്യാപാരികള്‍ വാങ്ങിയത്. മൂന്നാഴ്ച മുമ്പ് കിലോഗ്രാമിന് 100 രൂപ വരെ കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നു.
പൊളിക്കാത്ത അടക്ക, പഴുക്ക എന്നിവയുടെ വിലയിലും മൊത്തക്കച്ചവടക്കാര്‍ കിലോഗ്രാമിന് ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. പൊളിക്കാത്ത അടക്ക കിലോഗ്രാമിന് ശരാശരി 25ഉം പഴുക്കയ്ക്ക് 28ഉം രൂപയാണ് കൃഷിക്കാര്‍ക്ക് ഏതാനും ദിവസങ്ങളായി ലഭിക്കുന്നത്. മഴ ഇടയ്ക്കിടെ പെയ്യുന്നതു യഥാസമയം ഉണക്കിയെടുക്കുന്നതിനു തടസ്സമാവുന്നതു ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാര്‍ പൊളിച്ച അടക്കയുടെ വില താഴ്ത്തുന്നത്. അടക്ക സംസ്‌കരണ കേന്ദ്രങ്ങള്‍ വേണ്ടത്രയില്ലാത്തതും വിലക്കുറവിന്റെ കാരണങ്ങളില്‍ ഒന്നാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 20 അടക്ക സംസ്‌കരണ ശാലകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പൂട്ടിയത്. വിറക് ക്ഷാമമാണ് പാക്കട്ടികള്‍ എന്നറിയപ്പെടുന്ന സംസ്‌കരണശാലകളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. വിദഗ്ധ തൊഴിലാളികളെ ആവശ്യത്തിനു കിട്ടാനില്ലാത്തതും സംസ്‌കരണശാലകള്‍ക്ക് താഴ് വീണതിനു ഹേതുവാണ്. കര്‍ഷകരില്‍ നിന്നു നേരിട്ടും ചെറുകിട കച്ചവടക്കാര്‍ മുഖേനയും വാങ്ങുന്ന പൊളിച്ച അടക്കയില്‍ ഏറെയും മൊത്തക്കച്ചവടക്കാര്‍ കര്‍ണാടകയിലാണ് വില്‍ക്കുന്നത്.
കാപ്പി, കുരുമുളക്, ഏലം, തേയില കൃഷികള്‍ക്ക് പുകള്‍പെറ്റ വയനാട്ടില്‍ കവുങ്ങുകൃഷിയും കുറവല്ല. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 12,730 ഹെക്റ്ററിലാണ് കവുങ്ങ് കൃഷി. മൂന്നു ദശകങ്ങള്‍ക്കു മുമ്പ് 7,000 ഹെക്റ്ററില്‍ ചുവടെയായിരുന്നു ഇത്. മുന്‍കാലങ്ങളില്‍ നെല്ല് വിളഞ്ഞിരുന്ന പാടങ്ങളിലാണ് പുതിയ കവുങ്ങു തോട്ടങ്ങളില്‍ പലതും. നെല്‍കൃഷി അനാദായകരമായതോടെയാണ് കൃഷിക്കാര്‍ വയല്‍ കവുങ്ങ് കൃഷിക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്.
രോഗങ്ങളുടെ പിടിയിലാണ് ജില്ലയിലെ കവുങ്ങ് തോട്ടങ്ങളില്‍ മിക്കതും. അതിനാല്‍ത്തന്നെ വര്‍ഷംതോറും അടക്ക ഉല്‍പാദനവും കുറയുകയാണ്. എങ്കിലും കവുങ്ങ് കൃഷിയിലൂടെയുള്ള ഇടക്കാല വരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. വിളവെടുപ്പു കാലം അടക്ക പറിക്കല്‍, പൊളിക്കല്‍ തൊഴിലാളികളുടെയും നല്ല കാലമാണ്. തോട്ടങ്ങളില്‍ ആദ്യഘട്ടം വിളവെടുപ്പില്‍ അടക്ക പറിക്കുന്ന തൊഴിലാളികള്‍ക്ക് കിലോഗ്രാമിന് മൂന്നു രൂപയാണ് കൂലി. കവുങ്ങ് ഒന്നിനു 10 രൂപ നിരക്കില്‍ കൂലി വാങ്ങുന്നവരുമുണ്ട്. ദിവസം 1,200 രൂപ വരെ കൂലി ലഭിക്കുന്നവര്‍ തൊഴിലാളികള്‍ക്കിടയില്‍ നിരവധി.
സ്ത്രീകളാണ് അടക്ക പൊളിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവരില്‍ അധികവും. പൊളിച്ച അടക്ക തൂക്കി നല്‍കുമ്പോള്‍ കിലോഗ്രാമിന് 10 രൂപ നിരക്കിലാണ് കൂലി. തൊഴിലില്‍ വിദഗ്ധരായ സ്ത്രീകള്‍ക്ക് ദിവസം 600 രൂപ വരെ കൂലി ലഭിക്കുന്നുണ്ട്. തോട്ടങ്ങളില്‍ നിന്നു അടക്ക മൊത്തമായി വാങ്ങി പൊളിച്ച് മൊത്ത വ്യാപാരികള്‍ക്ക് വില്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടരിക്കുന്നവരും ജില്ലയില്‍ നിരവധിയാണ്.
Next Story

RELATED STORIES

Share it