kannur local

ജില്ലയിലെ 99 വില്ലേജുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; അങ്കണവാടികള്‍ക്ക് ഇന്നുമുതല്‍ അവധി

കണ്ണൂര്‍: ജില്ലയില്‍ ആകെയുള്ള 129 വില്ലേജുകളില്‍ 99 വില്ലേജുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നു റിപോര്‍ട്ട്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റ് ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരള്‍ച്ചയുടെ പടിവാതില്‍ക്കലെത്തിയ ഇത്തരം വില്ലേജുകളില്‍ 21 ലക്ഷം ലിറ്റര്‍ വെള്ളം 80 ടാങ്കുകളിലായി ദിവസേന വിതരണം ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.
355 വാട്ടര്‍ കിയോസ്‌കുകളാണുള്ളത്. വരള്‍ച്ച പ്രതിരോധത്തിനായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് തണ്ണീര്‍ പന്തല്‍ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം കുടിവെള്ളം വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
കുടിവെള്ളം വിതരണം ചെയ്യാന്‍ തയ്യാറാവുന്ന സന്നദ്ധ സംഘടനകള്‍ക്ക് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം നല്‍കു. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത സംഘടനകള്‍ക്കാണ് അനുമതി നല്‍കുകയെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മലയോരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം തികയാതെ നെട്ടോട്ടമോടുന്നവര്‍ വേനല്‍മഴയെത്തുമെന്ന പ്രതീക്ഷയിലാണ്. ചിലയിടങ്ങളില്‍ കിണറുകള്‍ പാടേ വറ്റിവരണ്ടു. പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്. ചൂട് ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ചെറുമുറികളിലും കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കുട്ടികള്‍ വെന്തുരുകുന്നതാണ് തീരുമാനത്തിനു കാരണം. വേനലവധി തീരും മുമ്പ് വിദ്യാലയങ്ങള്‍ തുറക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ മെയ് ആദ്യവാരം തന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കര്‍ശന വിലക്കേര്‍പ്പെടുത്തി കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
സൂര്യതാപവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 12 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ ജോസഫ് മരണപ്പെട്ടത് സൂര്യാതപം മൂലമാണെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അപകടകരമായ സ്ഥിതിയിലുള്ള സ്വകാര്യസ്ഥലങ്ങളിലെ മരങ്ങളുടെ ശാഖകള്‍ ഉള്‍പ്പെടെ മഴയ്ക്കു മുമ്പ് മുറിക്കാന്‍ ഉത്തരവിറക്കാനും യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it