Kollam Local

ജില്ലയിലെ 1599 ജനപ്രതിനിധികളെ നാളെയറിയാം

കൊല്ലം: അടുത്ത അഞ്ച് കൊല്ലത്തേക്ക് ജില്ലയിലെ 1543351 വോട്ടര്‍മാര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ നാളെയറിയാം. 5701 പേരാണ് ഇത്തവണ ജനവിധി തേടിയത്.ജില്ലയിലെ നാളെ നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 8.15ഓടെ ആദ്യലീഡ് ലഭ്യമാകും. ഉച്ചയോടുകൂടി മുഴുവന്‍ ഫലങ്ങളും അറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജില്ലാപഞ്ചായത്ത് ഫലങ്ങളാകും ഒടുവില്‍ ലഭിക്കുക. ജില്ലയില്‍ ഒരു കോര്‍പ്പറേഷനിലേക്കും നാല് നഗരസഭായിലേക്കും 11 ബ്ലോക്ക് പഞ്ചായത്തിലേക്കും 68 ഗ്രാമപഞ്ചായത്തിലേക്കും നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് നാളെ അറിയുക. ഇതിനോടനുബന്ധിച്ച് അനിഷ്ഠസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് സുരക്ഷാനടപടികളും പൂര്‍ത്തിയാക്കി. മിക്ക വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും മുന്നിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ പോലിസ് പിക്കറ്റിങും ഏര്‍പ്പെടുത്തി. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനം അതിരുകടക്കാതിരിക്കുന്നതിനാവശ്യമായ നടപടികളും ജില്ലാ അധികാരികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊല്ലം റൂറലില്‍ ക്രമസമാധാനപാലനത്തിനായി മൂന്ന് ബെറ്റാലിയന്‍ പോലിസിനെ കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്.

കൊല്ലം കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ തേവള്ളി ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലേത് പരവൂര്‍ എസ്എന്‍വിജിഎച്ച്എസിലും പുനലൂര്‍ മുനിസിപ്പാലിറ്റിയുടേത് പുനലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടേത് കരുനാഗപ്പള്ളി ഗവണ്‍മെന്റ് ടൗണ്‍ എല്‍പി എസിലും കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടേത് കൊട്ടാരക്കര ഗവണ്‍മെന്റ് വിഎച്ച്എസ്ആന്റ് എച്ച്എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ തപാല്‍ വോട്ടുകള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് എണ്ണുന്നത്.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട ഉമ്മന്നൂര്‍, വെട്ടിക്കവല, മേലില, മൈലം, കുളക്കട, പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണുന്നത് വെട്ടിക്കവല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട വിളക്കുടി, തലവൂര്‍, പുറവന്തൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി, പത്തനാപുരം ഗ്രാമപഞ്ചായത്തുകള്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, പോരുവഴി, കുന്നത്തൂര്‍, ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തുളിലെ വോട്ടെണ്ണല്‍ ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ കുളത്തൂപ്പുഴ, ഏരൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, തെന്മല ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണുന്നത് അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍ എന്നീ പഞ്ചായത്തുകളിലേത് കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ചിറ്റുമല ബ്ലോക്കിലുള്‍പ്പെട്ട തൃക്കരുവ, പനയം, പെരിനാട്, കുണ്ടറ, പേരയം, ഈസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തുകളിലെ കുണ്ടറ എം ജി ഡി എച്ച് എസ് ഫോര്‍ ഗേള്‍സിലും വോട്ടെണ്ണും. ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കേന്ദ്രം ചവറ ശങ്കരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ മയ്യനാട്, ഇളമ്പള്ളൂര്‍, തൃട്ടോവില്‍വട്ടം, കൊറ്റംകര, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പേരൂര്‍ മീനാക്ഷി വിലാസം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചടയമംഗലത്തെ ചിതറ, കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂര്‍, ഇളമാട്, നിലമേല്‍, കുമ്മിള്‍ എന്നി പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നിലമേല്‍ എന്‍ എസ് എസ് കോളേജിലും ഇത്തിക്കര ബ്ലോക്കിലെ പൂതക്കൂളം, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ചിറക്കര ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ചാത്തന്നൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുന്നത്. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 76.24 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it