ernakulam local

ജില്ലയിലെ 150 ഓളം പടക്കശാലകളില്‍ പോലിസ് പരിശോധന

കൊച്ചി: കൊല്ലം പരവൂരിലുണ്ടായ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ 150 ഓളം പടക്കശാലകളില്‍ പോലിസ് പരിശോധന നടത്തി.
എന്നാല്‍ പരിശോധനക്കെത്തുന്ന വിവരം മുന്‍കൂട്ടി ചോര്‍ന്നതിനെതുടര്‍ന്ന് പോലിസ് എത്തുന്നതിനു മുമ്പേ അനധികൃത പടക്കശേഖരം പലരും ഒളിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തതിനാല്‍ ഒരിടത്ത് മാത്രമാണ് ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞത്.
എറണാകുളം നഗരപരിധിയില്‍ 67 കേന്ദ്രങ്ങളിലും ആലുവ റൂറല്‍ ജില്ലാ പരിധിയില്‍ 77 കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. പടക്ക നിര്‍മാണ ശാലകളിലും പടക്ക വില്‍പന ശാലകളിലും പരിശോധനയുണ്ടായി. പാലാരിവട്ടത്തെ ഒരു പടക്കക്കടയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ചൈനീസ് പടക്കങ്ങള്‍ സൂക്ഷിച്ചതിന് ഒരു കേസ് മാത്രമാണ് പോലിസിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്.
അനധികൃത പടക്കനിര്‍മാണ ശാലകളില്‍ പോലിസ് പരിശോധനക്കെത്തും മുമ്പേ അനധികൃത പടക്കശാലക്കാര്‍ ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങള്‍ നശിപ്പിച്ചതായാണ് പോലിസിന് ലഭിച്ച വിവരം. ഇന്നലെ രാവിലെ വെടിക്കെട്ട് ദുരന്തത്തിന്റെ വാര്‍ത്ത വന്നയുടന്‍ റെയ്ഡില്‍നിന്ന് രക്ഷപ്പെടാന്‍ പലരും പടക്ക ശേഖരം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒളിപ്പിച്ചുവക്കാന്‍ കഴിയാതെ വന്നവര്‍ പലയിടത്തും പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പടക്കശാലകളില്‍ വിഷു കഴിയുന്നതു വരെ തുടര്‍ച്ചയായി റെയ്ഡ് നടത്താനാണ് പോലിസ് തീരുമാനം.
Next Story

RELATED STORIES

Share it