malappuram local

ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥി പട്ടിക: അന്തിമ രൂപരേഖയായില്ല

മലപ്പുറം: ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമ രൂപരേഖയായില്ല. ഇന്നലെ മലപ്പുറത്തു നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധൃതിപിടിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ട എന്ന തീരുമാനമാണ് കൈക്കൊണ്ടത്. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്തുള്ള സ്ഥാനാര്‍ഥി പട്ടികയായിരിക്കും അഭികാമ്യമെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഘടകകക്ഷി സീറ്റുകള്‍ ഏതെന്നതിനെക്കുറിച്ചും ധാരണയായതിനു ശേഷം മതി സ്ഥാനാര്‍ഥി പട്ടികയെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ഐഎന്‍എല്‍, സിപിഐ, ജനതാദള്‍, എന്‍സിപി പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തവണ ജില്ലയില്‍ സീറ്റ് നല്‍കിയിരുന്നു. ഇപ്രാവശ്യം ഇതില്‍ പല സീറ്റുകളും ഏറ്റെടുക്കുന്നതിനെക്കുറിച്ച് സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തിരൂരില്‍ വ്യവസായി ഗഫൂര്‍ ലില്ലിയെ മല്‍സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ ചിലര്‍ ഉയര്‍ത്തിയ എതിര്‍പ്പ് യോഗം ചര്‍ച്ച ചെയ്തു.
ഗഫൂര്‍ ദീര്‍ഘകാലമായി പാര്‍ട്ടി അനുഭാവിയാണെന്ന് അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. താനൂരില്‍ വി അബ്ദുര്‍റഹ്മാന്‍, പെരിന്തല്‍മണ്ണയില്‍ വി ശശികുമാര്‍, പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ കെ ടി ജലീല്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം്. നിലമ്പൂരില്‍ പി വി അന്‍വറിനെ മല്‍സരിപ്പിക്കുന്നതിനാണത്രേ കൂടുതല്‍ അനുകൂല നിലപാടുണ്ടായത്. പ്രഫ. എം തോമസ് മാത്യൂവിന്റെ പേരും പട്ടികയിലുണ്ട്.
ഏറനാട് സിപിഐയില്‍നിന്നു വിട്ടുകിട്ടിയാല്‍ അന്‍വറിനെ ഏറനാട്ടിലേയ്ക്കു മാറ്റിയേക്കും. മലപ്പുറത്തും വണ്ടൂരിലും പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കും. വള്ളിക്കുന്നില്‍ ലീഗ് വിമതന്‍ ഷബീറലി ചേലേമ്പ്ര, തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്ത്, മങ്കടയില്‍ ലീഗ് നേതാവായ ആശുപത്രി വ്യവസായി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മഞ്ചേരി, കോട്ടക്കല്‍, കൊണ്ടോട്ടി, വേങ്ങര മണ്ഡലങ്ങളില്‍ ലീഗ്, കോണ്‍ഗ്രസ് വിമതരുമായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നിങ്ങനെയായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിലെ ചര്‍ച്ച. ഇതില്‍ മഞ്ചേരി, ഏറനാട്, തിരൂരങ്ങാടി സീറ്റുകള്‍ സിപിഐയും മലപ്പുറം ജനതാദളും കോട്ടക്കല്‍ എന്‍സിപിയും വേങ്ങര ഐഎന്‍എല്ലുമാണ് കഴിഞ്ഞ തവണ മല്‍സരിച്ചത്. ഈ സീറ്റുകള്‍ വച്ചുമാറുന്നതും ഏറ്റെടുക്കുന്നതും സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കൂടി വന്നതിനു ശേഷംമതി സ്ഥാനാര്‍ഥി നിര്‍ണയമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.
Next Story

RELATED STORIES

Share it