Idukki local

ജില്ലയിലെ വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ ആറംഗ പോലിസ് സംഘം

തൊടുപുഴ: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളും വിദ്യാര്‍ഥികളെയും നിരീക്ഷിക്കാന്‍ ആംഡ് പോലിസ് ക്യാംപില്‍ നിന്നു ആറംഗസംഘം. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെ കുട്ടികളെയും സ്‌കൂള്‍ പരിസരങ്ങളും ഇനി ഇവരുടെ നീരിക്ഷണത്തിലായിരിക്കും. കുട്ടികളുടെ ഇടയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പദ്ധതി രൂപികരിച്ചത്.
ഇടുക്കി ജില്ലയിലെ കട്ടപ്പന, മുന്നാര്‍,കുമളി, ഏലപ്പാറ, തൊടുപുഴ, നെടുങ്കണ്ടം, അടിമാലി എന്നി സ്ഥലങ്ങള്‍ ഇനി ഇവരുടെ നിരിക്ഷണത്തിലായിരിക്കും. സമീപ കാലത്തു കുട്ടികള്‍ക്കിടയിലുളള കേസുകള്‍ വന്‍ വര്‍ധയിലേക്കാണ് എത്തിയിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പിടികൂടിയ കഞ്ചാവു കേസുകളില്‍ 25 കേസുകളിലും പ്രതികളായിരിക്കുന്നത് വിദ്യാര്‍ഥികളാണ്. സ്‌കൂളുകളും കോളജുകളെയും കേന്ദ്രികരിച്ച് ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് രഹസ്യാനോഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് ഉണ്ട്. ഇതിനെതിരേ പ്രവര്‍ത്തിക്കനാണ് ജില്ലാ പോലീസില്‍ പുതിയ ടീമിനെ രൂപീകരിക്കുന്നത്. സ്‌കൂളിലും കോളജുകളിലും ക്ലാസില്‍ കയറാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ എന്നിവരെ കണ്ടെത്തി ഉപദേശിച്ചു നന്നാക്കുക എന്ന ജോലിയും ഇവര്‍ക്കു തന്നെ. രണ്ടു മാസത്തിനിടെ മദ്യപിച്ച് നിലയില്‍ എട്ടു വിദ്യാര്‍ഥികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്.
അടുത്ത കാലത്തു പോലിസ് പിടികൂടിയ പല സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളും വില കൂടിയ ഫോണുകള്‍ വാങ്ങാനും ആഢംബര ബൈക്കുകള്‍ വാങ്ങാനുമാണ് പല കുറ്റ കൃത്യങ്ങളിലേക്കും ഏത്തിച്ചേരുന്നതെന്നു ചോദ്യം ചെയ്യലില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മയക്കുമരുന്ന് മാഫിയകളുടെ കണ്ണികളായി യുവാക്കള്‍ മാറുന്നത് ആഢംബര ജീവിതം നയിക്കാനുള്ള ഭ്രമം. കഞ്ചാവ്, നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലാകുന്നവരിലേറെയും യുവാക്കളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് പിടികൂടിയ മിക്ക കേസുകളും പിടിയിലായത് 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. ഷോക്‌സ്, ഷാഡോ, സെ്‌ട്രെയിഞ്ചര്‍ തുടങ്ങിയ വിചിത്രമായ പേരുകളിലാണ് പല സംഘങ്ങള്‍ അറിയപ്പെടുന്നത്. നഗരത്തിലുണ്ടായ മോഷണം, കഞ്ചാവ് മയക്ക്മരുന്ന് വില്‍പനയും ഉപയോഗവും തുടങ്ങിയ പല കുറ്റകൃത്യങ്ങളിലും പിടിക്കപ്പെട്ടത് 18 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ്.
മാലപൊട്ടിക്കല്‍, ബൈക്ക് മോഷണം, കഞ്ചാവ് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിലും കുട്ടിക്കുറ്റവാളികളുടെ പങ്ക് വ്യക്തമായിരുന്നു.
നിയമപരമായ കടുത്ത നടപടികളിലേക്ക് പോലിസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പോകാത്തതും കുട്ടികളും വിദ്യാര്‍ഥികളുമാണെന്ന പരിഗണന കിട്ടുന്നതും വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇവര്‍ക്ക് പ്രേരണയാവുന്നുണ്ട്. നഗരത്തില്‍ കഞ്ചാവ് മാഫിയ പ്രധാന ഏജന്റുമാരാക്കുന്നത് വിദ്യാര്‍ഥികളെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം ലഹരിവസ്തുക്കള്‍ക്ക് ഉപയോഗം ഉണ്ടായിത്തുടങ്ങിയാല്‍ ക്രമേണ ആവശ്യക്കാരേറുകയും വലിയ വിപണിയായി മാറുമെന്നും ലോബികള്‍ക്ക് ധാരണയുണ്ട്. നഗരത്തിലൂടെ ബൈക്കുകളിലും മറ്റുമായി അമിതവേഗത്തില്‍ ചീറിപ്പായുന്ന ഇത്തരം സംഘങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ശല്യമാകാറുണ്ട്.
വൈകിട്ട് നാലുമണിയോടെ നഗരത്തിലും സമീപത്തുള്ള കോളജുകളുടെയും മുന്‍പിലൂടെ അമിതവേഗത്തില്‍ ബൈക്കില്‍ കറങ്ങിയും മറ്റുമാണ് ഇവര്‍ ഭീഷണി സൃഷ്ടിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല, നഗരത്തിലെ പ്രധാന ബേക്കറിയുടെ പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈകുന്നേരത്തോടെ സംഘടിച്ചെത്തുന്ന പലരും രാത്രി വൈകുന്നതുവരെ ഇവിടങ്ങളില്‍ തമ്പടിക്കുകയാണ്. ഇത്തരക്കാരെയെല്ലാം നിരിക്ഷിക്കാനും ആവശ്യം വന്നാല്‍ കര്‍ശന നടപടികള്‍ക്കുമാണ് പ്രേത്യക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it