Kottayam Local

ജില്ലയിലെ മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു 

കോട്ടയം: വേനല്‍മഴ ആരംഭിച്ചതോടെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. പാറത്തോട്, മുണ്ടക്കയം, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധിപേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ച നിരവധിപേരാണ് മുണ്ടക്കയത്തെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഈ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം ഹെല്‍ത്ത് സെന്ററില്‍ നിന്നുവേണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ എത്തേണ്ടത്. എന്നാല്‍, യാത്രാ സൗകര്യവും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തത് പ്രതിരോധ നടപടികളെ ബാധിക്കുന്നുണ്ട്. റബര്‍, കൈതത്തോട്ടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതാണ് രോഗങ്ങള്‍ പടരുവാന്‍ കാരണം. തിരഞ്ഞെടുപ്പായതിനാല്‍ മഴക്കാല പൂര്‍വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാന്‍ വൈകിയതും രോഗ വ്യാപനത്തിനു കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it